കണ്ണൂര്‍ വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പ്രതി പിടിയില്‍. അയല്‍വാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പണവും സ്വര്‍ണാഭരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിലെ സൂചന കേസില്‍ നിര്‍ണായകമായി. കഴിഞ്ഞ മാസം ഇരുപതിനാണ് അരി വ്യാപാരി അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നത്.
നവംബര്‍ 19 ന് രാവിലെ അഷ്റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്.വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.