Hivision Channel

ഡിസംബര്‍ 1- ലോക എയ്ഡ്സ് ദിനം

ഡിസംബര്‍ 1- ലോക എയ്ഡ്സ് ദിനം. എയിഡ്‌സ് ബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നത്. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.

ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്.

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ആണ് എയ്ഡ്സ് രോഗം പരത്തുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും രോഗങ്ങളെയും അണുബാധകളെയും തടയാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍:

എയ്ഡ്‌സ് രോഗികളില്‍ എപ്പോഴും പനി, ക്ഷീണം, തൊണ്ടവേദന, ഫ്‌ലൂ തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാം. തുടര്‍ച്ചയായ ഇന്‍ഫെക്ഷനുകള്‍, ശരീരഭാരം കുറയുക, ഇടുപ്പു വേദന, വരണ്ട ചുമ, ശരീര വേദന, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മത്തില്‍ പാടുകള്‍ ഇവയെല്ലാം കാണപ്പെടാം.

എയ്ഡ്സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. ഒരാള്‍ ഉപയോഗിച്ച സൂചി ഉപയോഗിക്കാതിരിക്കുക.
  2. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക.
  3. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുകയും ഇടയ്ക്കിടെ എച്ച്ഐവി പരിശോധന നടത്തുകയും ചെയ്യുക.
  4. എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ എടുക്കുക.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *