Hivision Channel

Kerala news

നവോത്ഥാന സദസ് നടത്തി

ഇരിട്ടി: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ഇരിട്ടി ചെറുവോട് ഇ.കെ നായനാര്‍ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നവോത്ഥാന സദസ് നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി. വി. ബിനോയ് പ്രഭാഷണം നടത്തി. കെ.സി. രതീഷ് അധ്യക്ഷത വഹിച്ചു. ശ്യാംജിത്ത്, സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ വി.പി ആയിഷ മിസ്ബയെ ആദരിച്ചു

കോളയാട്: ജവഹര്‍ ബാല മഞ്ച് ശിവപുരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ വി. പി ആയിഷ മിസ്ബയെ ആദരിച്ചു. ആദരവ് പരിപാടി ജവഹര്‍ ബാല മഞ്ച് കോളയാട് ബ്ലോക്ക് ചീഫ് കോഡിനേറ്റര്‍ വിജേഷ് സി മാലൂരിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാഗേഷ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അസ്‌കര്‍ ശിവപുരം ബാലമഞ്ച് മണ്ഡലം കോഡിനേറ്റര്‍ സി.ഹനീഫ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട്ടില്‍ കരതൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്‌നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കര്‍ണാടക വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.

മാജിക് ഷോ നടത്തി

പേരാവൂര്‍: എയ്ഡ്സ് ബോധവത്കരണത്തിന്റെ പ്രചരണാര്‍ത്ഥം കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മാജിക് ഷോ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിന്‍ ഉദ്ഘാടനം ചെയ്തു. നേഴ്സിംഗ് സൂപ്രണ്ട് ത്രേസ്യ പാറക്കല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മജീഷ്യന്‍ ശരവണന്‍ പാലക്കാട് മാജിക് ഷോ നടത്തി.

ഉരുള്‍ ദുരന്ത ബാധിത മേഖലയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു

പൂളക്കുറ്റി: ഉരുള്‍ ദുരന്ത ബാധിത മേഖലയിലെ പൂളക്കുറ്റിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡരികുകളും, കലുങ്കുകളും ശുചീകരിച്ചു. പുളിക്കക്കുന്നേല്‍ കവല മുതല്‍ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന വട്ടപ്പറമ്പില്‍ അരീക്കുഴി റോഡരികിലെ പാറകളും, മണ്ണ് നിറഞ്ഞ ഇടവഴിയും, കലുങ്കുമാണ് ശുചീകരിച്ച് ഗതാഗത യോഗ്യമാക്കിയത്. ശുചീകരണ പ്രവര്‍ത്തികള്‍ക്ക് സതീഷ് മണ്ണാറുകുളം, രാജു ജോസഫ്, ബാബു മേലേ വെള്ളറ, ബെന്നി കൊല്ലവന, രാജു ഇളംപുരയിടം, പ്രിന്‍സ് പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കല്‍; സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെന്‍ എസ്റ്റേറ്റിനാണ് നോട്ടീസ് അയച്ചത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. 2013 -ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികള്‍ നടത്താനായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, ഇതിനായി 1.92 കോടി രൂപ മാത്രം നല്‍കി എസ്റ്റേറിന്റെ 75 ഏക്കര്‍ ഏറ്റെടുത്ത നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്.

2013 -ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവില നല്‍കി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍, കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം 30 ഏക്കറില്‍ അധികമുള്ള എസ്റേറ്റുകളുടെ ഉടമകള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു . അതിനാല്‍ തന്നെ ഹൈക്കോടതി നിര്‍ദേശിച്ചത് പോലെ ഭൂവില നല്‍കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ്ങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, വി രാമസുബ്രഹ്മണ്യം എന്നിവിരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു

പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെ രേഖകളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസില്‍ ഇരുന്നതെന്ന് തെളിഞ്ഞത്. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

മെഡിക്കല്‍ കോളജിലെ അധ്യാപകന്‍ തന്നെയാണ് കുട്ടിയുടെ പേര് ഹാജര്‍ രജിസ്റ്ററില്‍ ചേര്‍ത്തത്. പ്രവേശന പരീക്ഷയെഴുതിയിരുന്നെന്നും പ്രവേശനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ പ്രവേശനം കിട്ടാതിരുന്ന സമയത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ക്ലാസ് ആരംഭിച്ച വിവരമറിഞ്ഞത്. അവിടെ പെണ്‍കുട്ടി എത്തുകയും ചെയ്തു. പുറത്ത് നിന്നൊരു ഫോട്ടോ എടുത്ത് മടങ്ങാം എന്നാണ് ആദ്യം കുട്ടി കരുതിയത്. ആ സമയത്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നത് കണ്ട പെണ്‍കുട്ടിയും അവര്‍ക്കൊപ്പം കയറി. ഹാജര്‍ ബുക്കില്‍ പേര് വിളിച്ചതോടെ മറ്റ് പ്രശ്നങ്ങളില്ലെന്ന് കരുതി നാല് ദിവസം ക്ലാസില്‍ തുടരുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയപ്പോള്‍ ക്ലാസില്‍ വന്നില്ല. ആ സമയത്താണ് മെഡിക്കല്‍ കോളജ് അധികൃതരും തെറ്റ് മനസിലാക്കിയത്.

ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടി.പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും.പ്രതിദിന ദര്‍ശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം

ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയില്‍ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മെഡിക്കല്‍ ക്യാമ്പ്

പേരാവൂര്‍: അതിദരിദ്രരുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രി എന്‍സിഡി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജയരാജന്‍ മാസ്റ്റര്‍ ക്യാമ്പ് വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ റീന, ബാബു, ഡോ. അശ്വിന്‍, അസിസ്റ്റന്റ് സെക്രട്ടറി യോഷ്വ, എച്ച് ഐ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

തളിപ്പറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്‌സലു റഹ്മാന്‍ (22) ആണ് മരിച്ചത്.പരിയാരം മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആണ് മിഫ്‌സലു റഹ്മാന്‍. രാവിലെ ദേശീയ പാതയില്‍ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്.