Hivision Channel

Kerala news

ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 11ന്

കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് അധികമായി കണ്ടുവരുന്നത്. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ക്ലോറിനേഷൻ നടത്തണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. വയറിളക്കം വന്നാൽ ഒആർഎസ് ലായനി ആവശ്യാനുസരണം നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വ്യാജവാർത്തകളിൽ പരിഭ്രാന്തരാകരുത്. ആധികാരിക നിർദ്ദേശങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഡി എം ഒ അറിയിച്ചു. .

വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി

പൂളക്കുറ്റി : ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുള്ളേരിക്കല്‍ മാര്‍ഗദീപം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി. ലൈബ്രറി പ്രസിഡണ്ട് ഓമനക്കുട്ടി ടീച്ചര്‍ പൂളക്കുറ്റി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാണ് സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പുഷ്പ മനോജ്,രാധ എന്നിവര്‍ പങ്കെടുത്തു.

യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും

ചെട്ടിയാംപറമ്പ് : ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും നടത്തി. പി.ടി.എ പ്രസിഡണ്ട് വിനോദ് തത്തുപാറ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് വിജയശ്രീ, ഷിജിത്ത് മാസ്റ്റര്‍, ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടന്‍ സത്യന്‍ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.

സ്‌കൂള്‍ ബാലസഭ ഉദ്ഘാടനം

കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ ബാലസഭ നാടന്‍ പാട്ട് കലാകാരന്‍ മാത്യൂസ് വയനാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ് അധ്യക്ഷത വഹിച്ചു. ബാലസഭാ സെക്രട്ടറി ആദി സ്വരൂപ്, ഡെപ്യൂട്ടി ലീഡര്‍ അംബരീഷ് ആര്‍, വൈഗ പ്രശാന്ത്, ചൈതന്യ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019-ലെ ഉത്തരവിലെ പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019-ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.

വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍ കെ ഉമ്മറും സംഘവും ആറളം ഫാം ഒന്‍പതാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് 50 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, ഷൈബി കുര്യന്‍, പി.കെ സജേഷ്, ജി ദൃശ്യ, ഡ്രൈവര്‍ ടി കേശവന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

തീവ്ര ന്യൂനമര്‍ദ്ദം ശക്തി കുറയുന്നു

സംസ്ഥാനത്ത് ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയ്ക്ക് ഇടവേള. തീവ്ര ന്യൂനമര്‍ദ്ദം ശക്തി കുറയുന്നു. തീവ്ര ന്യുന മര്‍ദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മദ്ധ്യപ്രദേശിനും മുകളില്‍ ശക്തി കുറഞ്ഞ ന്യുന മര്‍ദ്ദമായി ദുര്‍ബലമായി. അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ആഗസ്റ്റ് 10 മുതല്‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.