പേരാവൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കുനിത്തല ചൗള നഗറില്‍ പൊനോന്‍ ബീനയുടെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു വീണു. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല. സ്ഥലത്ത് പഞ്ചയാത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍, വാര്‍ഡ് മെമ്പര്‍ യമുന എന്നിവര്‍ സന്ദര്‍ശിച്ചു.
പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണം.
സംസ്ഥാനത്തെ ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്‌നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ജില്ലാ തല സ്റ്റേഷന്‍ പരിധിയില്‍ ഡ്രൈവ് തുടങ്ങും. ഈ വര്‍ഷം 16, 000 കേസുകളാണ് പിടിച്ചത്. മദ്യം ഉപേക്ഷിച്ച് ലഹരി മരുന്നിലേക്ക് യുവാക്കള്‍ പോകുന്നു.സൗഹൃദ വലയങ്ങളില്‍ നിന്നാണ് തുടക്കം.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും. ഒരു അധ്യാപകന്‍ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ പരിശീലനം നല്‍കും.ക്യാരിയര്‍മാരില്‍ മാത്രം അന്വേഷണം ഒതുക്കില്ല.ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വര്‍ഷം വരെ NTPS നിയമപ്രകാരം കരുതല്‍ തടങ്കല്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലഹരിമരുന്നുപയോഗവും വില്‍പ്പനയും കുത്തനെ കൂടിയെന്ന് നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ പോലും കയറി ലഹരി വില്‍ക്കുന്നവരുണ്ടെന്നും പ്രത്യേക നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2020ല്‍ 4650 ലഹരിക്കടത്ത് കേസുകള്‍, കഴിഞ്ഞ വര്‍ഷം 6704 ആയി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 ആയി. പിടിച്ച കഞ്ചാവ് ഒരു ടണ്ണിന് മുകളിലാണ്. 1340 കിലോ. 6.7 കിലോ ഹാഷിഷ്. 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചു. കേസെടുക്കുന്നത് മുതല്‍ കുറ്റം ചുമത്തുന്നത് വരെയുള്ള ഘട്ടത്തില്‍ കര്‍ശന വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പ ചുമത്താനും, തുടര്‍ച്ചയായി കടത്തുന്നവരെ കരുതല്‍ തടങ്കലിലാക്കാനും നിരീക്ഷിക്കാനും നടപടി എടുക്കും.ലഹരിക്കടത്ത് തടയാനുള്ള കേന്ദ്ര നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്പീക്കര്‍ അഭിനന്ദിച്ചു. സര്‍ക്കാറിന്‍ന്റെ നടപടിക്ക് പിന്തുണ നല്‍കി വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിച്ചു. ലഹരിക്കെതിരായ ദൗത്യത്തിന് ഒറ്റക്കെട്ടായി കൈകോര്‍ക്കുന്നതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്
മടപ്പുരച്ചാല്‍: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മടപ്പുരച്ചാല്‍ വേളാങ്കണ്ണി ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി.പെരുന്നാളിന് തുടക്കം കുറിച്ച് പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
ഇരിട്ടി: സഹകരണ റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണചന്ത ആരംഭിച്ചു. വൈസ് പ്രസിഡണ്ട് ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ടി സുജാത, ഡയറക്ടര്‍മാരായ മുകുന്ദന്‍ മാസ്റ്റര്‍, അനന്ദന്‍ പി.കെ, ഫക്രുദീന്‍, ബാബുരാജ്, ജീവനക്കാരായ രവി വി, അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകള്‍ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. വിശദ പരിശോധനകള്‍ക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹയര്‍സെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ മറ്റ് ക്വാട്ടകളിലേക്ക് മാറിയതിനെ തുടര്‍ന്നുള്ള ഒഴിവുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനാകും. ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ 9 മണിക്ക് പ്രവേശത്തിനുള്ള വെബ്‌സൈറ്റായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അതേസമയം നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാല്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ ആകില്ല. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് ഈ ഘട്ടത്തില്‍ വീണ്ടും അവസരം ഉണ്ടാകും. പിഴവുകള്‍ തിരുത്തി ഇത്തരക്കാര്‍ വീണ്ടും അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും സ്‌കൂള്‍ ഹെല്‍പ് ഡസ്‌കുകള്‍ ഉണ്ടാകും. ഹെല്‍പ് ഡസ്‌കുകള്‍ സജ്ജമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്ന് തീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ ഏഴു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. വെള്ളമുയര്‍ന്നതോടെ, പാലക്കാട് മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകള്‍10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കണ്‍വെന്‍ഷന്‍ നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ ബൈജു വര്‍ഗ്ഗീസ്, ലിസി ജോസഫ് , ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് , ഡി.സി.സി. അംഗം സി. ഹരിദാസ് , മാത്യു ഇടത്താഴെ,സുഭാഷ് മാസ്റ്റര്‍, ഷഫീര്‍ ചെക്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, രാജു ജോസഫ് , നൂറുദ്ധീന്‍ , മനോജ് താഴെപ്പുരയില്‍, ശ്രീ.കെ.കെ. വിജയന്‍ , കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തുണ്ടിയില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിനാസ് പടിക്കല കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പേരാവൂര്‍: പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്‌ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു ആര്‍ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ക്യു ആര്‍ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സര്‍വ്വേയും ആപ്ലിക്കേഷന്‍ വഴി ശേഖരിക്കും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനം നടപ്പിലാക്കുന്നതോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന വഴി ക്യു ആര്‍ കോഡ് പതിപ്പിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും വിവരശേഖരണ സര്‍വ്വേയും കൊട്ടംചുരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, എം ഷൈലജ ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസി.സെക്രട്ടറി എ.സി ജോഷ്വ എന്നിവര്‍ സംസാരിച്ചു.