പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകള്‍ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. വിശദ പരിശോധനകള്‍ക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹയര്‍സെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ മറ്റ് ക്വാട്ടകളിലേക്ക് മാറിയതിനെ തുടര്‍ന്നുള്ള ഒഴിവുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനാകും. ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ 9 മണിക്ക് പ്രവേശത്തിനുള്ള വെബ്‌സൈറ്റായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അതേസമയം നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാല്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ ആകില്ല. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് ഈ ഘട്ടത്തില്‍ വീണ്ടും അവസരം ഉണ്ടാകും. പിഴവുകള്‍ തിരുത്തി ഇത്തരക്കാര്‍ വീണ്ടും അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും സ്‌കൂള്‍ ഹെല്‍പ് ഡസ്‌കുകള്‍ ഉണ്ടാകും. ഹെല്‍പ് ഡസ്‌കുകള്‍ സജ്ജമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.