പേരാവൂര്‍: പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്‌ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു ആര്‍ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ക്യു ആര്‍ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സര്‍വ്വേയും ആപ്ലിക്കേഷന്‍ വഴി ശേഖരിക്കും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനം നടപ്പിലാക്കുന്നതോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന വഴി ക്യു ആര്‍ കോഡ് പതിപ്പിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും വിവരശേഖരണ സര്‍വ്വേയും കൊട്ടംചുരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, എം ഷൈലജ ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസി.സെക്രട്ടറി എ.സി ജോഷ്വ എന്നിവര്‍ സംസാരിച്ചു.