Hivision Channel

Kerala news

കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

കൊട്ടിയൂര്‍: ഹെല്‍ത്ത് കേരള ക്യാമ്പയിനിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ടൗണുകളിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഭാഗ്യശ്രീ എം.പി, സന്ധ്യ സി.ആര്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധനയില്‍ മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന വീണ്ടും തുടരുമെന്നും അറിയിച്ചു.

കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം

തെറ്റുവഴി: സി.പി.ഐ.എം നേതാവും മണത്തണ ലോക്കല്‍ കമ്മറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം തെറ്റുവഴിയില്‍ നടന്നു. സി.പി.എം തെറ്റുവഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രന്‍ മാസ്റ്റര്‍, മണത്തണ ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍, പി.പി വേണുഗോപാല്‍, കെ.വി ബാബു, കെ.കെ രാജന്‍, പ്രകാശന്‍ പാറായി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കായിക മേഖലയില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ രഞ്ജിത്ത് മാക്കുറ്റിയെയും, വോളിബോള്‍ താരം സെബിന്‍ ബെന്നിയെയും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍ ഹന്ന റോസ് റിജോയെയും അനുമോദിച്ചു.

കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

ഹാരീസ്

കണ്ണൂർ: ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു.ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കൽ ഹൗസിൽ ഹാരീസ് (46), കണ്ണൂർ കിഴുത്തള്ളിയിലെ അദ്വൈത് ( 18 ) എന്നിവരാണ് മരിച്ചത്‌.ഇന്ന് വൈകീട്ട് 4 മണിയോടെ ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഗുരുതര പരുക്കേറ്റ ഇരുവരേയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്ത് മാടത്തിയിൽ തട്ടുകടയിലെ തൊഴിലാളിയായ ഹാരീസ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സാവശ്യാർത്ഥം ഡോക്ടറെ കണ്ട് മടങ്ങവേയാണ് അപകടത്തിൽ പെട്ടത്. ഏറെ കാലമായി മാടത്തിയിലെ വാടക കെട്ടിടത്തിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്.കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കൽ ആലിയുടെയും ആസിയയുടെയും മകനാണ്.
ഭാര്യ: ആരിഫ.
മക്കൾ: അയൂബ്, ആശിറ
മരുമകൻ: ഷെഫീർ . സഹോദരങ്ങൾ: ഫൈസൽ, ഉബൈദ്

കണ്ണൂരിലെ ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് കീഴ്പ്പള്ളി പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പ്രതിഷേധ പ്രകടനം നടത്തി

കേളകം: പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കേളകം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.കെ മോഹനന്‍, വി.പി ബിജു, ടി.കെ ബാഹുലേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിന സന്ദേശ പദയാത്രകള്‍ നടത്തി

നീണ്ടുനോക്കി : സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സന്ദേശ പദയാത്രകള്‍ നടത്തി. ചുങ്കക്കുന്നില്‍ നിന്ന് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകവും, അമ്പായത്തോടില്‍ നിന്ന് ശശീന്ദ്രന്‍ തുണ്ടിത്തറയിലും നയിച്ച പദയാത്രകള്‍ നീണ്ടുനോക്കിയില്‍ സമാപിച്ചു. സമാപനം അഡ്വ. ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീസ് ജോസ്, റോയി നമ്പുടാകം, ജോസഫ് പൂവ്വക്കുളം, സണ്ണി വേലിക്കകത്ത്, ജെയ്ഷ ബിജു, ബിജു ഓളാട്ടുപുറം, ബാബു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ത്രിവര്‍ണ്ണ പതാക വാഹന പ്രചരണ ജാഥ

പേരാവൂര്‍: ആം ആദ്മി പേരാവൂര്‍ മണ്ഡലം ത്രിവര്‍ണ്ണ പതാക വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി. സ്റ്റാനി സ്വാവോസ്, ബേബി മാത്യു, സിബി തുരുത്തിപള്ളി, ബിജു സ്റ്റീഫന്‍, ഐപ്പ്, സ്റ്റീഫന്‍ ടി.ടി എന്നിവര്‍ സംസാരിച്ചു.

ഉന്നത വിജയികളെ അനുമോദിച്ചു

മുരിങ്ങോടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുരിങ്ങോടി സുഭിക്ഷ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. എം രത്നത്തിന്റെ അധ്യക്ഷതയില്‍ വാര്‍ഡ്മെമ്പര്‍ രഞ്ജുഷ ഉദ്ഘാടനം ചെയ്തു. ബിപിഷ, സ്മിത, സതി, ചന്ദ്രിക, ശോഭ, ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിപ്രക്കുന്ന്: കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എം.സി ജുബേഷ് പതാക ഉയര്‍ത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ ജോസഫ് സ്വാതന്ത്ര്യദിന സന്തേശം നല്‍കി. കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് അരിപ്പയില്‍ മജീദ്, മനോജ് താഴെപുര, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

75-ാം സ്വാതന്ത്ര്യ ദിനം; പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ പതാക ഉയര്‍ത്തി. സുരേഷ് ചാലാറത്ത്, അബുബക്കര്‍, സി ഹരിദാസ്, രാജീവന്‍ കളത്തില്‍, ജോണ്‍സണ്‍ ജോസഫ്, ഹംസ തറാല്‍, അരിപ്പയില്‍ മജീദ്, ഷെഫീര്‍ ചെക്യാട്ട്, അജീനാസ് പടിക്കകണ്ടി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പേരാവൂര്‍ ടൗണില്‍ മധുര പലഹാര വിതരണവും നടന്നു.

ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതായി പരാതി

കേളകം: കൊടിമരം നശിപ്പിച്ചതായി പരാതി. കേളകം പഞ്ചായത്തിലെ തുള്ളലില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചുവെന്നാണ് പരാതി. വര്‍ഷങ്ങളായി ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരം പിഴുത് എറിഞ്ഞുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊടിമരം പിഴുത് എറിഞ്ഞ സ്ഥലത്ത് നാട്ടുകാര്‍ വാഴയും അതിനു മുകളില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിക്കുകയും സമീപത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.