Hivision Channel

Kerala news

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്ന് പുറത്താക്കി

കോഴിക്കോട് മയക്കു മരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവര്‍ത്തകയായ അധ്യാപിക കീര്‍ത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അധ്യാപികമാരായ കാവ്യയും മരുതോങ്കര സ്വദേശി കീര്‍ത്തനയും വടകര പൊലീസിന്റെ പിടിയിലായത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററായിരുന്നു ഇരുവരും. ആദ്യം പിടിയിലായ കീര്‍ത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയില്‍ എത്തിയത്.
മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണ് കാവ്യയുടെയും കീര്‍ത്തനയുടെയും ബാങ്ക് അക്കൗണ്ട്.

ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെയും അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീര്‍ത്തനയെ റിമാന്‍ഡ് ചെയ്ത ഉടന്‍തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എങ്കില്‍ മാത്രമേ ഇനി കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരൂ.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് യുഡിഎഫ് യുവജന സംഘടനകള്‍ നടത്തിയത്. പേരാമ്പ്ര ബിആര്‍സിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കയറാന്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.

സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം. ജന്‍ ധന്‍ യോജന 2014 ഇല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് ഇരയാകും.

ജന്‍ധന്‍ യോജന പ്രകാരം ഓരോ പൗരനും 500 രൂപ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നാണ് തട്ടിപ്പ് വീഡിയോയില്‍ പറയുന്നത്. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വരും. ഇതില്‍ വിവരങ്ങള്‍ കൊടുത്താല്‍ ഒരു സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ വരും. ഇതില്‍ പ്രസ് ചെയ്താല്‍ തുക അക്കൗണ്ടിലേക്ക് വരുമെന്ന നോട്ടിഫിക്കേഷന്‍ വരും. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സൈബര്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴയുടെ അളവില്‍ വര്‍ധനവ് ഉണ്ടാകും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ചു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ജൂലൈ 30 വരെ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദവും മഴയെ സ്വാധീനിക്കും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന വിഷയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

 കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു.

 കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

മുതിര്‍ന്ന സി പി എം നേതാവ് ബി.കെ കാദര്‍ അന്തരിച്ചു

ഇരിട്ടി:മുതിര്‍ന്ന സി പി എം നേതാവ് ബി.കെ.കാദര്‍ (77) അന്തരിച്ചു.
സി പി.എം മുന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ് എന്നീ നിലകളിലും ദീര്‍ഘകാലം ഇരിട്ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.കെ.കാദര്‍ മലയോര മേഖലയില്‍ സി.പി.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്. സി പി എം ഇരിട്ടി എരിയ കമ്മിറ്റി രൂപീകരണ ഘട്ടം മുതല്‍ ഏരിയ കമ്മിറ്റിയംഗമായി നേതൃനിരയില്‍ പ്രവര്‍ത്തിച്ച ബി.കെ.കാദര്‍ പ്രായാധിക്യത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്.
പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ: ടി.കെ സക്കീന
മക്കള്‍: സീനത്ത് , മുനീറ, പരേതനായ അബ്ദുള്‍ ജലീല്‍. മരുക്കള്‍: ആയിഷ, അബുബക്കര്‍, അഷ്റഫ്
ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മാടത്തില്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

‘പാറ്റകളുടെ വിജയം’; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി, രാജ്യത്ത് പാറ്റ വിപ്ലവം

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. പാറ്റകളുടെ വിജയമെന്നായിരുന്നു ​ദീപ്കേയുടെ ആദ്യപ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി.മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണെന്നും സിജെപി ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നൽകണം. എടുത്ത കേസുകളെല്ലാം പിൻവലിക്കണം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി വേണമെന്നും സിജെപി ആവശ്യമുന്നയിച്ചു.

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. 

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ. 

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ചിങ്ങം ഒന്നിന് തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും.ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കാനായി അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ നേത്യത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു വിദഗ്‌ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹം താന്ത്രിയാകാൻ യോഗ്യൻ ആണെന്ന് വിദഗ്‌ധസമിതി പരിശോധിച്ചുകൊണ്ട് ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.

തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. അനാരോഗ്യം മൂലം മാറി നിൽക്കുകയാണെന്നും മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നും ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ബ്രഹ്മദത്തനെ തന്ത്രിയാക്കാനുള്ള താത്പ്പര്യം ദേവസ്വം ബോർഡ് സ്വീകരിച്ചത്.