Hivision Channel

Kerala news

ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി വിദ്യാര്‍ഥിനിയെ കൊന്ന് കിണറ്റിലിട്ട അമ്മക്കും കാമുകനും ജീവപര്യന്തം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.

നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു മീര. 2019 ജൂണ്‍ മാസത്തിലായിരുന്നു കൊലപാതകം. മീരയുടെ അമ്മ നെടുമങ്ങാട് പറണ്ടോട് കുന്നില്‍ സ്വദേശിനി മഞ്ജുഷ (39), ഇവരുടെ കാമുകന്‍ കരിപ്പൂര് കാരാന്തല കുരിശ്ശടിയില്‍ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീഷ് വിവാഹിതനാണ്.

അച്ഛന്റെ മരണശേഷം മീര കൂടുതല്‍ കാലവും അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അമ്മയുടെ വാടകവീട്ടില്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. തങ്ങളുടെ രഹസ്യബന്ധത്തിന് മീര തടസ്സമാണെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച് മീരയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മീരയെ മഞ്ജുഷയും അനീഷും ചേര്‍ന്ന് അനീഷിന്റെ ബൈക്കിന്റെ മധ്യത്തിലിരുത്തി കരിപ്പൂര് കാരാന്തലയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിലിട്ടു. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികള്‍ അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

മീര ആരോടൊപ്പമോ ഒളിച്ചോടിയെന്നും അത് അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ മാതാവ് വത്സലയോട് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്കുശേഷം മഞ്ജുഷയെയും ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് വത്സല നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് ഇരുവരെയും നാഗര്‍ കോവിലില്‍നിന്ന് പിടികൂടി.

തീവണ്ടിയില്‍ ടി.ടി.ഇമാര്‍ക്കു നേരെ വീണ്ടും ആക്രമണം

തീവണ്ടിയില്‍ ടിക്കറ്റ് ആവശ്യപ്പെട്ട ടി.ടി.ഇക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്സപ്രസിലെ ഉദ്യോഗസ്ഥരായ മനോജ് വര്‍മ, ഷമ്മി എന്നിവര്‍ക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിനും സുഹൃത്തും ആര്‍.പി.എഫിന്റെ പിടിയിലായി. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം.

ടിക്കറ്റ് ഇല്ലാത്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ടി.ടി.ഇ മനോജിനെ തള്ളിമാറ്റി ഓടുകയായിരുന്നു. തീവണ്ടി വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഇയാള്‍ ഇറങ്ങി ഓടിയത്. തുടര്‍ന്ന് മനോജ് കൈമാറിയ വിവരം അനുസരിച്ച് ടി.ടി.ഇ ഷമ്മിയും ഇയാളെ തടഞ്ഞു. എന്നാല്‍, ഷമ്മിയേയും തള്ളിമാറ്റി പ്രതി പുറകിലേക്ക് ഓടുകയായിരുന്നു.

ഇയാളെ പിന്നീട് ആര്‍.പി.എഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ എ.സി കോച്ചിലെ ശുചിമുറിയില്‍നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ മുന്നില്‍വെച്ച് ഇയാളുടെ ബാ?ഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സ പിഴവ് . കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ ഗുരുതര പിഴവാണ് സംഭവിച്ചത്. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂര്‍ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത്. ആറാം വിരല്‍ മുടിയില്‍ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതും അതിനനുസരിച്ച് എന്നിവര്‍ ഒപിയില്‍ എത്തിയതും. എന്നാല്‍, അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.

ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ അരുണ്‍ പ്രീത് പറഞ്ഞു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം
കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

കാറ്റിലും മഴയിലും വാഴ കൃഷി നശിച്ചു

ഇരിട്ടി:കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പായത്തെ ഇ കെ സതീശന്റെ അമ്പതോളം വാഴകള്‍ നശിച്ചു.കാടമുണ്ടയില്‍ കൃഷി ചെയ്ത കുലച്ച വാഴകളാണ് നിലംപൊത്തിയത്

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഇതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായകേന്ദ്രങ്ങള്‍ ഉണ്ടാകും. മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും. ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും.

ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛന്‍ രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛന്‍ രവി പറഞ്ഞു.

ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി.

ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.

ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്.

ആറളം നെയ്യമൃത് മഠത്തില്‍ നെയ്യമൃത് സംഘം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചു

ഇരിട്ടി:ആറളം നെയ്യമൃത് മഠത്തില്‍ നെയ്യമൃത് സംഘം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചു. ടി.കാരണവര്‍ പി കുഞ്ഞിരാമന്‍ നമ്പ്യാര്‍, കാപ്പാടന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പടുവിലാന്‍ പദ്മനാഭന്‍ നമ്പ്യാര്‍, പട്ടറത്ത് ഗോപിനാഥന്‍ നമ്പ്യാര്‍, കൈതേരി ഗോവിന്ദന്‍ നമ്പ്യാര്‍, കാര്യത്ത് പടുവിലാല്‍ പങ്കജാക്ഷന്‍ നമ്പ്യാര്‍,കാവളാന്‍ ആദിത്യ നമ്പ്യാര്‍, ഗണപതിയാടാന്‍ അനുനന്ദ് നമ്പ്യാര്‍ എന്നിവരാണ് ഈ വര്‍ഷം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചത്.

ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവന്‍ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ചര്‍ച്ച പോസിറ്റീവായിരുന്നു. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃക കണ്ടെത്തും. ലൈസന്‍സ് അപേക്ഷ കെട്ടികിടക്കുന്ന ആര്‍ടിഒകള്‍ പരിശോധിച്ച് വേണ്ട നടപടിയുണ്ടാകും. ഈ സ്ഥലങ്ങളില്‍ വേഗം ടെസ്റ്റുകള്‍ നടത്താന്‍ ക്രമീകരണം നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം കൊടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടക്കാത്തോട് ടൗണില്‍ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും

കേളകം:മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്യത്തില്‍ അടക്കാത്തോട് ടൗണില്‍ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍
ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടക്കാത്തോട് വ്യാപാര ഭവന്‍ ഹാളില്‍ നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, മെമ്പര്‍ ബിനു മാനുവല്‍, ഷാന്റി സജി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സിക്രട്ടറി വി.ഐ. സൈദ് കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോര്‍ജ്കുട്ടി കുപ്പക്കാട്ട്, കട്ടക്കല്‍ സോണി,
തുടങ്ങിയവര്‍ പങ്കെടുത്തു.

പെരുമ്പാമ്പിനെ പിടികൂടി

കേളകം:പെരുമ്പാമ്പിനെ പിടികൂടി.കേളകം പെരുന്താനത്തെ ചെറുക്കപറമ്പില്‍ മണിയുടെ വീടിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്.ഫോറസ്റ്റ് താല്കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് ആണ് പാമ്പിനെ പിടികൂടിയത്.