Hivision Channel

ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി വിദ്യാര്‍ഥിനിയെ കൊന്ന് കിണറ്റിലിട്ട അമ്മക്കും കാമുകനും ജീവപര്യന്തം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.

നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു മീര. 2019 ജൂണ്‍ മാസത്തിലായിരുന്നു കൊലപാതകം. മീരയുടെ അമ്മ നെടുമങ്ങാട് പറണ്ടോട് കുന്നില്‍ സ്വദേശിനി മഞ്ജുഷ (39), ഇവരുടെ കാമുകന്‍ കരിപ്പൂര് കാരാന്തല കുരിശ്ശടിയില്‍ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീഷ് വിവാഹിതനാണ്.

അച്ഛന്റെ മരണശേഷം മീര കൂടുതല്‍ കാലവും അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അമ്മയുടെ വാടകവീട്ടില്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. തങ്ങളുടെ രഹസ്യബന്ധത്തിന് മീര തടസ്സമാണെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച് മീരയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മീരയെ മഞ്ജുഷയും അനീഷും ചേര്‍ന്ന് അനീഷിന്റെ ബൈക്കിന്റെ മധ്യത്തിലിരുത്തി കരിപ്പൂര് കാരാന്തലയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിലിട്ടു. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികള്‍ അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

മീര ആരോടൊപ്പമോ ഒളിച്ചോടിയെന്നും അത് അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ മാതാവ് വത്സലയോട് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്കുശേഷം മഞ്ജുഷയെയും ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് വത്സല നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് ഇരുവരെയും നാഗര്‍ കോവിലില്‍നിന്ന് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *