Hivision Channel

Kerala news

നീലേശ്വരം അപകടത്തില്‍ കേസെടുത്ത് പൊലീസ്; ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയില്‍

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു.

കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്‌സുകള്‍ സൂക്ഷിച്ചതായാണ് ദൃക്‌സാക്ഷികളുടെ മൊഴി.

കലവറയ്ക്ക് സമീപവും നിരവധി പേര്‍ നിന്നിരുന്നു. ഇവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. നിരവധി പേരുടെ ചെരുപ്പുകളും മറ്റു വസ്തുക്കളും നിറഞ്ഞിരിക്കുകയാണ് സ്ഥലത്ത്. ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചകാര്യം ഇവിടെയുണ്ടായിരുന്നവര്‍ക്കും അറിയില്ലായിരുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ വ്യക്തമാക്കിയത്.

അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.

അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

സിപിഐഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫ് വധക്കേസ്; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സിപിഐഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫ് വധക്കേസില്‍ നാല് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ പുത്തന്‍കണ്ടം സ്വദേശി പ്രനു ബാബു,വി ഷിജില്‍,മാവിലായി സ്വദേശി ആര്‍ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും എണ്‍പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ മരിച്ച അഷ്റഫിന്റെ കുടുംബത്തിന് നല്‍കണം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2011 മെയ് 21 നാണ് കണ്ണൂര്‍, പിണറായി എരുവട്ടി സ്വദേശിയായ സി അഷ്റഫിനെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്.

ആടു വസന്ത നിര്‍മാര്‍ജന യജ്ഞം; പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍

ഇരിട്ടി:മൃഗസംരക്ഷണ വകുപ്പിന്റെയും ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആടു വസന്ത നിര്‍മാര്‍ജന യജ്ഞം 2030 പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ 1ാം ഘട്ടം പഞ്ചായത്ത്തല ഉദ്ഘാടനം വട്യംതോട് സുരേഷ് തങ്കപ്പന്റെ ആട് ഫാമില്‍ വച്ച് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നിര്‍വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ ജോണ്‍സണ്‍ പി എം , ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍ എസ്, പ്രസാദ് ടി എസ്, ജയേഷ് കെ എസ്, അന്‍സാര്‍ എം എ,എന്നിവര്‍ പങ്കെടുത്തു.

വാഹനം ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പയ്യന്നൂരില്‍ തൊഴിലുറപ്പിന് പോയ സ്ത്രീകളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി രണ്ട് മരണം. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്.രാമന്തളി കുരിശുമുക്കിലാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.

തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.

ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം.

എഡിഎം നവീന്‍ ബാബുവിന്റെ മരണം; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്.

പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് വയനാട്ടില്‍ എത്തും

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

രാവിലെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം മൈസൂരിലെത്തുന്ന അവര്‍ അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ വയനാട് അതിര്‍ത്തിയിലെ താളൂരിലെത്തും.തുടര്‍ന്ന് റോഡ് മാര്‍ഗം മീനങ്ങാടിയിലേക്ക് തിരിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും

സ്ഥാനാര്‍ത്ഥിക്കായി ബൂത്ത് തലങ്ങള്‍കേന്ദ്രീകരിച്ചാണ് യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കളുടെ വോട്ടുതേടല്‍. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പ്രിയങ്കയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി. ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനപാതയില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പ് നേതൃത്വം നല്‍കും. ഹോട്ടലുകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം. തീര്‍ത്ഥാടന വഴികളില്‍ രാത്രിസമയത്ത് വെളിച്ചം ഉറപ്പാക്കാന്‍ കെ എസ് ഇ ബി സൗകര്യമൊരുക്കണം. വിവിധ വകുപ്പുകള്‍ ശബരിമലതീര്‍ത്ഥാടന കാലത്ത് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധച്ചും യോഗം ചര്‍ച്ച ചെയ്തു.

പാതകളിലെ അറ്റകുറ്റപണി, കാട് വെട്ടിത്തെളിക്കല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമാരാമത്ത് വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടക പാതയിലും, ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച് ഏകീകരിച്ച് വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും.

മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ,വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍സമയ മെഡിക്കല്‍ ഓഫീസറുടെ സേവനം,പീരുമേട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഉറപ്പാക്കും.

മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരക്കുള്ള ദിവസങ്ങളില്‍ കെ എസ് ആര്‍ ടിസി സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും . കുമിളി ടൗണിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്,എ ഡി എം ഷൈജു ജേക്കബ്ബ്, ജനപ്രതിനിധികള്‍ , ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ പ്രതിയാക്കാനാവില്ലെന്ന് സുപ്രീം കോടതി

ശസ്ത്രക്രിയയോ ചികിത്സയോ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഛണ്ഡീഗഡിലെ ചികിത്സാ പിഴവ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി പരമോന്നത കോടതി തീര്‍പ്പാക്കി.

നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍, ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍മാരെ പ്രതിചേര്‍ക്കാവൂ എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമാകുമെന്ന് എല്ലായ്‌പ്പോഴും പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയും ചികിത്സയും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്തുമെന്ന് എപ്പോഴും ഉറപ്പിക്കാനോ സാധിക്കില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഛണ്ഡീഗഡ് സ്വദേശിയായ ജസ്വീന്ദര്‍ സിങും ഇദ്ദേഹത്തിന്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നല്‍കാന്‍ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയില്‍ നേരത്തെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഡോ.നീരജ് ദാസും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാര്‍ ഡാം, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.