ശസ്ത്രക്രിയയോ ചികിത്സയോ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഛണ്ഡീഗഡിലെ ചികിത്സാ പിഴവ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി പരമോന്നത കോടതി തീര്‍പ്പാക്കി.
നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍, ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍മാരെ പ്രതിചേര്‍ക്കാവൂ എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമാകുമെന്ന് എല്ലായ്‌പ്പോഴും പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയും ചികിത്സയും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്തുമെന്ന് എപ്പോഴും ഉറപ്പിക്കാനോ സാധിക്കില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഛണ്ഡീഗഡ് സ്വദേശിയായ ജസ്വീന്ദര്‍ സിങും ഇദ്ദേഹത്തിന്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നല്‍കാന്‍ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയില്‍ നേരത്തെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഡോ.നീരജ് ദാസും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.