ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി. ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനപാതയില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പ് നേതൃത്വം നല്‍കും. ഹോട്ടലുകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം. തീര്‍ത്ഥാടന വഴികളില്‍ രാത്രിസമയത്ത് വെളിച്ചം ഉറപ്പാക്കാന്‍ കെ എസ് ഇ ബി സൗകര്യമൊരുക്കണം. വിവിധ വകുപ്പുകള്‍ ശബരിമലതീര്‍ത്ഥാടന കാലത്ത് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധച്ചും യോഗം ചര്‍ച്ച ചെയ്തു.
പാതകളിലെ അറ്റകുറ്റപണി, കാട് വെട്ടിത്തെളിക്കല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമാരാമത്ത് വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടക പാതയിലും, ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച് ഏകീകരിച്ച് വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും.
മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ,വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍സമയ മെഡിക്കല്‍ ഓഫീസറുടെ സേവനം,പീരുമേട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഉറപ്പാക്കും.
മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരക്കുള്ള ദിവസങ്ങളില്‍ കെ എസ് ആര്‍ ടിസി സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും . കുമിളി ടൗണിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്,എ ഡി എം ഷൈജു ജേക്കബ്ബ്, ജനപ്രതിനിധികള്‍ , ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.