Hivision Channel

Kerala news

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാര്‍ ഡാം, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുന്നോത്ത് എകെസിസി

കുന്നോത്ത്: ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പം തീരദേശ ജനത നടത്തുന്ന സമരപരിപാടികള്‍ക്ക് കുന്നോത്ത് എകെസിസി യൂണിറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.മുനമ്പം നിവാസികളായ 600 ല്‍ പരം കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് കാണാതെ പോകരുതെന്നും യോഗം ആവശ്യപ്പെട്ടു.കുന്നോത്ത് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗം ഫൊറോനാ വികാരി ഫാദര്‍.സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു.എകെസിസി യൂണിറ്റ് പ്രസിഡന്റ് എന്‍.വി.ജോസഫ് അധ്യക്ഷത വഹിച്ചു.ഗ്ലോബല്‍ കമ്മിറ്റിയംഗം ബെന്നിപുതിയാമ്പുറം,ഇടവക കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കക്കാട്ടില്‍, വര്‍ക്കി തുരുത്തിമറ്റത്തില്‍,ഷാജി മംഗംലത്തില്‍,ജീന.കെ.മാത്യു,രന്‍ജന വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിന്, പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ദില്ലിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

87 ദിവസം പിന്നിടുമ്പോളേക്കും സമരമാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ. ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല.  ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. 

എഡിഎമ്മിന്റെ മരണം;കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് ടി വി പ്രശാന്തിനെ സസ്‌പെന്റ് ചെയ്തു. എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്റ് ചെയ്തത്. പരിയാരം മെഡിക്കല്‍ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് ജ്യോതിനാഥ് ചുമതലയേറ്റെടുത്തിരിക്കുന്നത്. മറ്റൊരു തസ്തികയിലേക്കും ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് തുടര്‍ന്നേക്കും.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി നവംബര്‍ അഞ്ച് വരെ നീട്ടി

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗനാ റേഷന്‍ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.

മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തില്‍ സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുന്‍ഗണനാ കാര്‍ഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍, 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേര്‍ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

കേളകം:പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ സഹായം തേടുന്നു.അടക്കാത്തോടിലെ സുല്‍ത്താന്‍ എന്ന ആറു വയസുകാരനാണ് കോഴിക്കോട് മിംസ് ആശുപത്രില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

കേളകം അടക്കാത്തോട് സ്വദേശി മല്ലുശ്ശേരി സിയാദിന്റെ മകന്‍ ആറു വയസുകാരന്‍ സുല്‍ത്താനാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.പനി മുര്‍ച്ചിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന സുല്‍ത്താന് വൈറസ് ബാധകൂടി പിടിപെട്ടതോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷക്കണത്തിന് രൂപ ചികിത്സക്കായി വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
നിര്‍ദ്ധന കുടുംബമായ സിയാദിനാകട്ടെ ചികിത്സക്കുള്ള തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കേളകം ഗ്രാമ പഞ്ചായത്തും മഹല്ലു കമ്മറ്റിയും അമ്പലക്കമ്മറ്റിയും ചേര്‍ന്ന് ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. സുല്‍ത്താനെ ചികിത്സക്കായി സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് കേളകം ശാഖയില്‍ ആരംഭിച്ച അക്കൗണ്ടില്‍ പണം അയക്കാം
SIYAD MA
A/c:11630100252296
IFSC:FDRL0001163
BRANCH :KELAKAM
FEDERAL BANK
G pay/phone pay number :9745193131

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. സെപ്തംബറില്‍ 3000 മരുന്നുകളുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കാല്‍സ്യം 500, വിറ്റാമിന്‍ ഡി 3 അടക്കമുള്ള മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്‌സ് കാന്‍സര്‍ ലാബോറട്ടറീസ് നിര്‍മ്മിക്കുന്ന വൈറ്റമിന്‍ ഡി 3, കാല്‍സ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

വ്യാജ കമ്പനികള്‍ നിര്‍മ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മേധാവി രാജീവ് സിംഗ് രഘുവംശി വിശദമാക്കിയത്.

കൂടുതല്‍ കര്‍ശനമായ പരിശോധനകളുടെ ഫലമാണ് ഇതെന്നും ഇദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സിന്റെ മെട്രോണിഡാസോള്‍, റെയിന്‍ബോ ലൈഫ് സയന്‍സിന്റെ ഡോംപെരിഡോണ്‍ ടാബ്ലെറ്റുകള്‍, പുഷ്‌കര്‍ ഫാര്‍മയുടെ ഓക്‌സിടോസില്‍ ഇന്‍ജക്ഷന്‍ എന്നിവയെക്കുറിച്ചും ഗുണനിലവാര പരിശോധനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വിസ് ബയോടെക് പാരന്റെലാരല്‍സിന്റെ മെറ്റ്‌ഫോര്‍മിന്‍, ആല്‍ക്കെം ലാബിന്റെ പാന്‍ 40, കര്‍ണാടക ആന്റി ബയോട്ടിക്‌സിന്റെ പാരസെറ്റാമോള്‍ ടാബ്ലെറ്റ് എന്നിവയ്‌ക്കെതിരെയും ഗുണനിലവാര പരിശോധനയില്‍ പരാമര്‍ശങ്ങളുണ്ട്. പ്രതിമാസ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ 53ഓളം മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതിലും കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍ ഉള്‍പ്പെട്ടിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്.

ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക. ജനുവരി 20 വരെയാണ് നിലവില്‍ വിലക്ക് നീക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. അതേസമയം, ഒഡീഷ – പശ്ചിമബംഗാള്‍ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. പലയിടങ്ങളിലും വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകിവീണു, വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. ശക്തമായ മഴയും തുടരുന്നതിനാല്‍ ജാഗ്രത തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി കരതൊട്ട ചുഴലിക്കാറ്റ് രാവിലെ 8 മണിയോടെ പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചു. അടുത്ത ആറ് മണിക്കൂറിന് ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറും. ഒഡീഷയിലും പശ്ചിമബംഗാളിലെയും വിമാനത്താവളങ്ങളുടെ അടക്കം പ്രവര്‍ത്തനം പുനരാരംഭിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി ഒഡീഷയില്‍ അഞ്ച് ലക്ഷത്തിലധികം പേരെയും, പശ്ചിമബംഗാളില്‍ രണ്ടര ലക്ഷം പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.