Hivision Channel

Kerala news

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാണഞ്ചേരി 14-ാം വാര്‍ഡിലെ താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു.റെക്കോര്‍ഡ് നിരക്കിനടുത്താണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64280 രൂപയാണ്.

വമ്പന്‍ വര്‍ദ്ധനവോടു കൂടി സ്വര്‍ണവില ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം 64,000 കടന്നു. വില വര്‍ധന സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വര്‍ണ നിക്ഷേപം ഉയരുകയും വിപണിയില്‍ സ്വര്‍ണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വര്‍ധിക്കാനുള്ള കാരണം.

കമ്പമലയില്‍ ഇന്നും തീപിടുത്തം; സ്വാഭാവികമല്ല, ദുരൂഹതയെന്ന് ഡിഎഫ്ഒ

വയനാട് കമ്പമലയോട് ചേര്‍ന്ന് വീണ്ടും തീപിടുത്തം.കല്‍ക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

12 ഹെക്ടറോളം പുല്‍മേട് ആണ് ഇന്നലെ മാത്രം തീപിടുത്തത്തില്‍ കത്തി നശിച്ചത്. വൈകുന്നേരത്തോടെ തീ അണച്ചെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. കാട്ടുതീയാണെന്നായിരുന്നു ഇന്നലെ ഉള്ള നിഗമനം. എന്നാല്‍ സ്വാഭാവികമായ തീപിടുത്തം അല്ലെന്നാണ് വനംവകുപ്പിന്റെ അനുമാനം.

കല്‍ക്കോട്ട മലയില്‍ ആദ്യം തീ ഉണ്ടായ ഭാഗത്ത് നിയന്ത്രണ വിധേയമാക്കാന്‍ വനം വകുപ്പിനും ഫയര്‍ഫോഴ്‌സ് സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ മറുഭാഗത്തും നരിനിറങ്ങി മലയിലും പിന്നാലെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ കാറ്റും തീ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൂടുകാലത്ത് തീപിടുത്തം കൂടി ഉണ്ടായതോടെ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി ഇറങ്ങുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. രാധയെ കടുവ ആക്രമിച്ച പഞ്ചാര കൊല്ലിക്ക് സമീപമാണ് കമ്പമല. നിലവില്‍ പുല്‍മേടുകള്‍ മാത്രമേ കത്തിയിട്ടുള്ളൂ എന്നും മരങ്ങള്‍ ഉള്ള വനഭാഗത്തേക്ക് തീ പടര്‍ന്നിട്ടില്ല എന്നതും ആശ്വാസകരമാണ്.

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രം

വയനാട് പുനരധിവാസത്തിനായി ടൗണ്‍ഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ആയിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം.

വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മ്മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.

ചേര്‍ത്തലയില്‍ ഏഴരക്കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റില്‍

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത കേസില്‍ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റില്‍. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത തായ്‌വാന്‍ സ്വദേശികളായ വെയ് ചുങ് വാന്‍, ഷെന്‍ വെയ് ഹോ എന്നിവരെ ആലപ്പുഴയില്‍ എത്തിച്ചു.

ഓഹരി വിപണയില്‍ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേര്‍ത്തല സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണില്‍ നടന്ന തട്ടിപ്പില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്.

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാരനായ ഭഗവാന്‍ റാമിനെയും പിന്നാലെ നിര്‍മല്‍ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു ചൈനീസ് പൗരന്മാര്‍ക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.

ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ മുങ്ങിമരിച്ചു

ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പര്‍ ജയ്‌സണ്‍, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്‌സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്. എന്നാല്‍ ഡാം വാച്ചര്‍ ഇവരെ കുളിക്കാന്‍ അനുവിദിച്ചില്ല, മടക്കി അയച്ചു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയില്‍ ഇറക്കിയ ശേഷം ജയ്‌സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമില്‍ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് വിവരം.

ഇന്ന് രാവിലെ തേയില തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. ജയ്സന്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ ഡാമില്‍ അപകടത്തില്‍പെട്ടെന്ന് സംശയം ഉയര്‍ന്നത്. ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമില്‍ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

10, +2 ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന പ്രചാരണം തെറ്റ്; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന തരത്തില്‍ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയത്. 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാര്‍ച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിര്‍ത്തിയതെന്തിന്? കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി

കൊയിലാണ്ടി കുറുവാങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

25 കിലോ മീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്നും ഇക്കാര്യം രജിസ്റ്ററില്‍ വ്യക്തമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു ദിവസം നൂറ് കിലോ മീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോയെന്നും കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇക്കാര്യത്തില്‍ എക്സപ്ലോസീവ്സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും അസ്വാഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വയനാട് മാനന്തവാടി പിലാക്കാവ് കമ്പമലയില്‍ കാട്ടുതീ; മലയുടെ ഒരുഭാഗം കത്തി നശിച്ചു

വയനാട് മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു.കാട്ടുതീ പടര്‍ന്ന് മലയുടെ ഒരു ഭാഗം കത്തിയമര്‍ന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മലയുടെ ഒരുഭാഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീ കത്തുന്ന സ്ഥലങ്ങള്‍ക്ക് സമീപം ജനവാസ മേഖലയാണ്.

‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ആ

ശരത് ലാല്‍ കൃപേഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി:യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍ കൃപേഷ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. കെ അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. നിധിന്‍ നടുവനാട്, ശ്രീനിവാസന്‍ മാസ്റ്റര്‍, സനില്‍ നടുവനാട്, റാഷിദ് പുന്നാട്, അബ്ദുല്‍ റഷീദ് ടി കെ, വി. എം രാജേഷ്,പി.പി അരുണ്‍ മാസ്റ്റര്‍, വി. പ്രകാശന്‍,ടി അജിത്,ആര്‍. കെ സുനില്‍കുമാര്‍,എന്‍.കെ ഇന്ദുമതി,എം ആര്‍ ഗിരിജ,ശരത് നടുവനാട്, അശ്വന്ത് ഉളിയില്‍ ,വിനീത് പി.കെ,സി. വി സന്തോഷ് കുമാര്‍,എന്‍ നാരായണന്‍, പ്രജീഷ് കുനിക്കേരി,ആര്‍ കെ നിധിന്‍ദാസ്, ശ്രീകുമാര്‍.കെ,റഹിം, രഞ്ജിത്ത് എം.കെ, രാഹുല്‍ കെ,മിഥുന്‍ രാജീവ്, ഷമീം സി,സനൂപ്, രാമകൃഷ്ണന്‍, ശാഹുല്‍,റഫീഖ് കുരന്‍മുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.