
ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പര്‍ ജയ്‌സണ്‍, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്‌സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്. എന്നാല്‍ ഡാം വാച്ചര്‍ ഇവരെ കുളിക്കാന്‍ അനുവിദിച്ചില്ല, മടക്കി അയച്ചു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയില്‍ ഇറക്കിയ ശേഷം ജയ്‌സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമില്‍ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് വിവരം.
ഇന്ന് രാവിലെ തേയില തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. ജയ്സന്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ ഡാമില്‍ അപകടത്തില്‍പെട്ടെന്ന് സംശയം ഉയര്‍ന്നത്. ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമില്‍ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.