ഇരിട്ടി:പടിയൂര്‍ – കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് താഴെമൂലയില് കുഞ്ഞിക്കണ്ടി നാണിയുടെ വീടിനാണ് തിങ്കളാഴ്ച വൈകുന്നേരം ഇടിമിന്നലേറ്റത്.ഇടിമിന്നലില്‍ വീടിന് കനത്ത നാശനഷ്ടമുണ്ടായി.ഗൃഹോപകരണങ്ങളും വയറിംഗും നശിച്ചു. വൈദ്യതിബന്ധം പൂര്‍ണമായും തകരാറിലായി.കുട്ടികള്‍ മാത്രമുള്ള സമയത്താണ് അപകടം നടന്നത് .നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ ,വൈസ് പ്രസിഡണ്ട് പി വി രാജീവ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി രാമചന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി ഷൈല കെ വി മനോഹരന് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം സുമോദ് എന്നിവര്‍ സന്ദര്‍ശിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാം. പ്രാഥമിക അന്വേഷണം ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം വിജിലന്‍സ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവില്‍ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ത് ഡിജിപിയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊലക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് അപേക്ഷയില്‍ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.വിചാരണ റിപ്പോര്‍ട്ട് ചെയ്യുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ അവകാശമാണ്. ഇത് യാതൊരു കാരണവശാലും നിഷേധിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥികള്‍ വിചാരണയ്ക്ക് വന്നാല്‍ തന്നെ അവരെ നിയന്ത്രിക്കാന്‍ പൊലീസിനാവുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയില്‍ വച്ച് പകര്‍ത്താന്‍ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കേസിന്റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി കെ കെ ബാലകൃഷ്ണന് വിചാരണയ്ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണുള്ളത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.
ഗതാഗത കമ്മീഷണര്‍ പദവിയില്‍ മാറ്റം. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഐ.ജി. സി.എച്ച്. നാഗരാജുവിനെ മാറ്റി തിരുവനന്തപുരം ഐ.ജി. ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ഗതാഗത കമ്മീഷണറാകും. ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി. ഗതാഗത മന്ത്രിയുടെ അതൃപ്തിയെ തുടര്‍ന്നാണ് സി എച്ച് നാഗരാജുവിന്റെ സ്ഥലംമാറ്റം. ഇന്റലിജന്‍സ് ഐ.ജിയായിട്ടാണ് നാഗരാജുവിന്റെ പുതിയ നിയമനം. ആര്.നിശാന്തിനിയെ ദക്ഷിണമേഖലാ ഐ.ജിയായും നിയമിച്ചു.
ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാടാണ് ഭരണനേതൃത്വം എത്തിയത്. വിഷയത്തില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ എടുത്ത ഉറച്ച നിലപാടാണ് പുതിയ മാറ്റത്തിന് വഴിതുറന്നത്. വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പരിഷ്കാരങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും തലപ്പത്ത് മാറ്റം വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് വി എന്‍ വാസവന് പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുന്‍ കൈ എടുത്ത് ദേവസ്വം ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി എന്‍ വാസവന് പ്രതികരിച്ചു.
‘കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു. എല്ലാ ഏകോപനവും ചെയ്താണ് കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തല്‍ അല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടത്’, വി എന്‍ വാസവന് പറഞ്ഞു.
ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ പരസ്യമായതാണ്. മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മന്ത്രി കെ മുരളീധരന്റെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടാനാണ് മന്ത്രിയുടെ തീരുമാനം.
സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കും.
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് സമീപം എത്താനാണ് സാധ്യത.
മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 4.5 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ന്യൂനമര്‍ദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പില്‍ നിന്ന് 5.8 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും പിഎ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നതില്‍ മുഖ്യമന്ത്രി -ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനുളള സാധ്യതയുമുണ്ട്.
നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.കെഎസ്ആര്‍ടിസിയു ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രിയദര്ശിനിയെന്ന് പേരുമിട്ടു. തിരഞ്ഞെടുപ്പുകാലത്തെ ഇന്ദിര ഗ്യാരണ്ടി നടപ്പിലായത് സര്‍ക്കാരിന് എനര്‍ജി ബൂസ്റ്ററായി. മറ്റൊരു സര്‍ക്കാരും നടപ്പിലാക്കാത്ത സ്ത്രീശക്തീകരണ മാതൃകയെന്ന് വാഴ്ത്തപ്പെട്ടു.
പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയില്‍വെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കില്ലെന്ന് ഉറപ്പായി.