
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊലക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് അപേക്ഷയില്‍ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.വിചാരണ റിപ്പോര്‍ട്ട് ചെയ്യുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ അവകാശമാണ്. ഇത് യാതൊരു കാരണവശാലും നിഷേധിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥികള്‍ വിചാരണയ്ക്ക് വന്നാല്‍ തന്നെ അവരെ നിയന്ത്രിക്കാന്‍ പൊലീസിനാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയില്‍ വച്ച് പകര്‍ത്താന്‍ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കേസിന്റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍ വിചാരണയ്ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണുള്ളത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.














