അടയ്ക്കാത്തോട് ഗവ. യുപി സ്‌കൂളില്‍ എസ് എം സി യുടെ നേതൃത്വത്തില്‍ ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ സിബിച്ചന്‍ അടുക്കോലില്‍, ഷിബു, സാദിയ എന്നിവര്‍ നേതൃത്വം നല്‍കി.
മാലൂര്‍ : വ്യാഴാഴ്ച ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ തോലമ്പ്ര ശാസ്ത്രി നഗര്‍ ഇന്ദിരാ നഗറിലെ കടത്തനാടന്‍ മാധവിയുടെ വീടിന് മുകളില്‍ മരം പൊട്ടി വീണ് വീട് തകര്‍ന്നു. മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.ഹൈമാവതിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി.
പേരാവൂര്‍ : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളിലേക്ക് ദേശീയ പതാക കൈമാറുന്നതിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളര്‍വള്ളി എല്‍ പി സ്‌കൂളില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനശേന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍, പ്രീതി ലത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷാനി എന്നിവര്‍ സംബന്ധിച്ചു.
കണ്ണൂര്‍ : ക്വിറ്റ് ഡ്രഗ്‌സ് എന്ന സന്ദേശവുമായി ആന്റി നര്‍കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സെമിനാറുകളും സിനിമാപ്രദര്‍ശനവും കൗണ്‍സിലിംഗും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിറ്റ് ഡ്രഗ്‌സ് പരിപാടിക്ക് തുടക്കം കുറിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റ ധീര സൈനികന്‍ ശൗര്യചക്ര മേജര്‍ മനേഷിന് ലോഗോ കൈമാറി ഉദ്ഘാടനം ചെയ്തു. ആന്റി നര്‍ക്കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് കേരളം ചെയര്‍മാന്‍ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപന്‍ തൈക്കണ്ടി, സനോജ് നെല്ല്യാടന്‍, ബാദുഷ മഞ്ചപ്പാലം, സിതിന്‍ വേണുഗോപാല്‍, സഞ്ജയ് പി പാലായി തുടങ്ങിയവര്‍ സംസാരിച്ചു.
ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാര്‍ഗം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി, ടി.ആര്‍.ഡി.എം വനം വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഇമ്പ്‌ലിമെന്റ് ഏജന്‍സിയാണ് സ്ഥലപരിശോധന നടത്തിയത്. സ്ഥലപരിശോധന നടത്തി വര്‍ക്കിംഗ് എസ്റ്റിമേറ്റ് തയ്യാറാക്കുക എന്നതാണ് ഏജന്‍സിയുടെ ലക്ഷ്യം. നിലവിലുള്ള ആനമതില്‍ ശക്തിപ്പെടുത്തുക, നികന്നു പോയ ട്രഞ്ചുകള്‍ പുനസ്ഥാപിക്കുക, പത്തര കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ പി.പ്രസാദ്, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്ത്, പിഡബ്ല്യുഡി ഇരിട്ടി സെക്ഷന്‍ അസി. ഇലട്രിക്കല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിഷ്ണു, ബില്‍ഡിംഗ് ഒവര്‍സിയര്‍ വിപിന്‍, പ്രസാദ്, രഘു, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍, അനൂപ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റര്‍ പി.പ്രകാശന്‍, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ്, ആറളം ഫോറസ്റ്റര്‍ കെ.രാജു മറ്റ് ജനപ്രതിനിധികള്‍, ബീറ്റ് ഫോറസ്റ്റര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
മണത്തണ ശ്രീ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, സേതുനാഥ് വാര്യര്‍, ബാലകൃഷ്ണമാരാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കൊട്ടിയൂര്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ആക്കല്‍ ദാമോദരന്‍ നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പേരാവൂര്‍ : കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം തടയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ് നടത്തി. പേരാവൂര്‍ റീജിയണല്‍ ബാങ്കിന് മുന്നില്‍ നടന്ന പരിപാടി സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.വി രാജേഷ്, പി.വി പ്രകാശന്‍, എ.ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കണിച്ചാര്‍, കേളകം, കോളയാട്, പേരാവൂര്‍ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എം നേതാക്കളും ജനപ്രതിനിധികളും വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. എം.പി ഡോ. വി ശിവദാസന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം എം.എസ് വാസുദേവന്‍, സി.പി.എം കൊളക്കാട് ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ്, പഞ്ചായത്തംഗം ജിമ്മി അബ്രഹാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിവേദക സംഘം അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നീ മന്ത്രിമാരെയും നേരില്‍കണ്ട് നിവേദക സംഘം നിവേദനം നല്‍കിയിട്ടുണ്ട്.
തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുന്ന ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമ നിധി നടപ്പിലാക്കുക, വേതനം 700 രൂപയാക്കി ഉയര്‍ത്തുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഈ മാസം 22 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. എ ഐ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് വി.പത്മനാഭന്‍, പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ ,സിപിഐ കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ ജോസ്, ബേബി അമക്കാട്ട്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ജി.ആര്‍ അനില്‍. 13 ഉല്‍പ്പന്നങ്ങളും തുണി സഞ്ചിയും ഉള്‍പ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാല്‍ എ.എ.വൈ കാര്‍ഡുകാര്‍ക്ക് ആദ്യം നല്‍കും. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.