സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. ഡിജിറ്റല്‍ ലഗേജ് ലോക്കറുകള്‍ സ്ഥിരമായി റെയില്‍വേ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാകും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒ.ടി.പി സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകള്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സംവിധാനവും സി.സി.ടി.വി നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൊമേഴ്സ്യല്‍ സ്റ്റേഷന് മാനേജര്‍ എന്‍. സോമ സുന്ദരന്‍, സ്റ്റേഷന് സൂപ്രണ്ട് സി.വി.വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ ഉദ്ഘാടനം ചെയ്തത്.
വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്കി.
ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്ന് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്കി. 50 വര്‍ഷത്തേക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നല്കിയ 529 കോടി രൂപയും പുനരധിവാസത്തിന് നല്കി.
43.56 കോടി ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്കി. ദുരന്ത ബാധിതര്‍ക്ക് നല്കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍
സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വിള്ളല്‍ വീണ ആദ്യഘട്ട വീടുകള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. രണ്ടു വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞു. വീട് വാസയോഗ്യമാക്കാന്‍ വേണ്ടി ധാരാളം ടെസ്റ്റുകള്‍ നടത്താറുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് പിന്നീട് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഊരാളുങ്കല്‍ അറിയിച്ചു.
വീടിന് തകരാറുണ്ടോ എന്ന് പരിശോധിക്കനായി നിരവധി ടെസ്റ്റുകള്‍ നടത്തും. അതിലാണ് കുറവുകള്‍ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുക ആണ് ചെയ്യുന്നതെന്നും വിള്ളലില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും വീട് സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു വ്യക്തമാക്കുന്നു. നിലവില്‍ ഉണ്ടായിട്ടുള്ള വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് ഊരാളുങ്കല്‍ അധികൃതര്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് വേണ്ട കേന്ദ്രീകൃത സംവിധാനങ്ങളുടെ പണി പൂര്‍ത്തിയായി എന്നും ഇനി താമസം തുടങ്ങിയ ശേഷമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നും അധികൃതര്‍ പറഞ്ഞു.
വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍ പ്രതിയായ അനന്തുവിനൊപ്പം ഉണ്ടായിരുന്ന യുവാവിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും
ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ടുള്ള വെയില് ഏല്‍ക്കരുത്. ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ അധ്യാപകറുടെ വാദം.
ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ വെവ്വേറെ അഭിഭാഷകര്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവം നടന്ന ഏപ്രില്‍ 10ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രിന്‍സിപ്പലിന്റെ ചേംബറിലായിരുന്നു വിദ്യാര്‍ഥി ഉണ്ടായിരുന്നത്. ഈ സമയം താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. റാമിന്റെ വാദം. അധ്യാപികയായ ഡോ. ലത ശശിധരന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് നിതിന്‍ ആയിരുന്നു. ഇതിന് പിന്നാലെ അധ്യാപികയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. അധ്യാപിക പരാതി നല്കാന് ഒരുങ്ങിയതിലുള്ള ഭയമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോ. റാമിന്റെ വാദം.
17 വര്‍ഷമായി ഇതേ കോളജിലെ അധ്യാപകനാണ് താനെന്നും കര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന താനും ഒരു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. നിതിനെ അവസാനമായി കണ്ടത് മാര്‍ച്ച് മാസത്തിലാണെന്നും മരണത്തില്‍ പങ്കില്ലെന്നും ഡോ റാം പറയുന്നു. സംഭവം നടന്ന ദിവസം താന്‍ മംഗലാപുരത്തായിരുന്നുവെന്നും വിദ്യാര്‍ഥി തന്നോട് സ്നേഹപൂര്‍വ്വമാണ് പെരുമാറിയിരുന്നതെന്നുമാണ് ഡോ. സംഗീതയുടെ വാദം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് കേസെടുത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.
അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് തുടരുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കൂടാതെ സംസ്ഥാനത്തെ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ് കാരണത്താല്‍ സൂര്യാഘാതം, സൂര്യതാപം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് സൈബര്‍ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ചക്കരയ്ക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.
ലോണ്‍ ആപ്പിന്റെ ഭീഷണിയും കോളജിന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യം ചെയ്യലുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും കുടുംബം ഇത്തരം വാദങ്ങള്‍ തള്ളുകയായിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്റൂമില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന്‍ രാജിന്റെ ബന്ധുക്കള്‍ പറയുന്നത്. വിഷയത്തെ ലോണ്‍ ആപ്പിലേക്ക് ചുരുക്കിക്കെട്ടാന്‍ കരുതിക്കൂട്ടി ശ്രമം നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ മൂല്യനിര്‍ണയം നടക്കുക. മൂല്യനിര്‍ണയം 72 ക്യാമ്പുകളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്റേണല്‍ മാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകള്‍ക്ക് കുട്ടികളെ ചില സ്കൂളുകള്‍ നിര്‍ബന്ധപൂര്‍വ്വം ക്ലാസ്സെടുക്കുന്നു തൊഴില്‍ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തില്‍ നിന്ന് സ്കൂളുകള്‍ പിന്തിരിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയില്‍ 1158 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയില്‍ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വേഗത്തില്‍ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.