Hivision Channel

നിതിന്‍ രാജിന്റെ മരണത്തില്‍ പങ്കില്ല; മുന്‍കൂര്‍ ജാമ്യപേക്ഷയുമായി പ്രതികളായ അധ്യാപകര്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അധ്യാപകറുടെ വാദം.

ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ വെവ്വേറെ അഭിഭാഷകര്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവം നടന്ന ഏപ്രില്‍ 10ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രിന്‍സിപ്പലിന്റെ ചേംബറിലായിരുന്നു വിദ്യാര്‍ഥി ഉണ്ടായിരുന്നത്. ഈ സമയം താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. റാമിന്റെ വാദം. അധ്യാപികയായ ഡോ. ലത ശശിധരന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് നിതിന്‍ ആയിരുന്നു. ഇതിന് പിന്നാലെ അധ്യാപികയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. അധ്യാപിക പരാതി നല്‍കാന്‍ ഒരുങ്ങിയതിലുള്ള ഭയമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോ. റാമിന്റെ വാദം.

17 വര്‍ഷമായി ഇതേ കോളജിലെ അധ്യാപകനാണ് താനെന്നും കര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന താനും ഒരു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. നിതിനെ അവസാനമായി കണ്ടത് മാര്‍ച്ച് മാസത്തിലാണെന്നും മരണത്തില്‍ പങ്കില്ലെന്നും ഡോ റാം പറയുന്നു. സംഭവം നടന്ന ദിവസം താന്‍ മംഗലാപുരത്തായിരുന്നുവെന്നും വിദ്യാര്‍ഥി തന്നോട് സ്‌നേഹപൂര്‍വ്വമാണ് പെരുമാറിയിരുന്നതെന്നുമാണ് ഡോ. സംഗീതയുടെ വാദം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് കേസെടുത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *