Hivision Channel

latest news

കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ;കെ.ജി.എം.ഒ.എ

കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനമെടുത്തത്.ലഹരി ഉപയോഗം കേവലം ഒരു നിയമപ്രശ്‌നം മാത്രമല്ല, മറിച്ച് അതിഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

ലഹരിയുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിനൊപ്പം തന്നെ, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെയാകെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍, സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും നല്‍കാന്‍ കെ.ജി.എം.ഒ.എ പ്രതിജ്ഞാബദ്ധമാണ്.

ഓഗസ്റ്റ് 9ന് കോട്ടയ്ക്കലില്‍ വച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി. കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ്, സംസ്ഥാന ട്രഷറര്‍ ഡോ. അനൂപ് വി. എസ്, മാനേജിംഗ് എഡിറ്റര്‍ ഡോ. മുരളീധരന്‍, ഐ.പി.പി ഡോ. സുരേഷ് ടി. എന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് എ. കെ എന്നിവര്‍ സംസാരിച്ചു.

മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ ജനകീയ സുരക്ഷ യോഗം ചേര്‍ന്നു

കാക്കയങ്ങാട്:ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ ജനകീയ സുരക്ഷ യോഗം ചേര്‍ന്നു. പൊതു ജനങ്ങള്‍ വ്യാപാര സംഘടനകള്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഓപ്പറേഷന്‍ തുഫാന്‍ സൈബര്‍ സുരക്ഷ ട്രാഫിക്ക് നിയമ അവബോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ് യോഗം ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ മെല്‍വിന്‍ വിന്‍സന്റ്, വി.കെ.ശശീന്ദ്രന്‍,ജി.സജേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. രതീഷ്,വാര്‍ഡ് മെമ്പര്‍ എം.കെ.റഷീദ തുടങ്ങിയവര്‍ സംസാരിച്ചു

പേരാവൂര്‍ അത്‌ലറ്റിക്സ് അക്കാഡമിക്ക് അഭിമാന നേട്ടം;രണ്ട് കായികതാരങ്ങള്‍ക്ക് ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍

കായിക രംഗത്ത് പേരാവൂര്‍ അത്‌ലറ്റിക്സ് അക്കാഡമിക്ക് ഇത് അഭിമാനനിമിഷം. അക്കാഡമിയില്‍ പരിശീലനം നേടുന്ന രണ്ട് യുവ താരങ്ങള്‍ ആദ്യമായി ദേശീയ അത്‌ലറ്റിക്‌സ് മത്സരത്തിലേക്ക് യോഗ്യത നേടി. സനുഷ, അശ്വിന്‍ സുരേഷ് എന്നിവരാണ് അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പേരാവൂര്‍ അത്ലറ്റിക്‌സ് അക്കാഡമി, കഴിഞ്ഞ എട്ട് വര്‍ഷമായി കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകി മുന്നോട്ട് പോകുകയാണ്.ഈ എട്ട് വര്‍ഷത്തെ കഠിനാധ്വാനത്തിനും പരിശീലനത്തിനും സമര്‍പ്പണത്തിനും ഫലം ലഭിച്ചിരിക്കുകയാണ്. അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് താരങ്ങള്‍ ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍ നേടിയത്.

സനുഷ 3000 മീറ്ററില്‍ രണ്ടാം സ്ഥാനം, 5000 മീറ്ററില്‍ മൂന്നാം സ്ഥാനം നേടി ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.അശ്വിന്‍ സുരേഷ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടി ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍ നേടി.

അര്‍ജുന്‍ ആയങ്കിയെ കുറിച്ച് വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

അര്‍ജുന്‍ ആയങ്കിയെ കുറിച്ച് വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നല്‍കുക. ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം നല്‍കാന്‍ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടത് സുഹൃത്ത് ആണെന്ന് അര്‍ജുന്‍ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. അര്‍ജുന്റെ കൈശമുണ്ടായിരുന്ന ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണില്‍ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്.

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശേരി സബ് ജയിലിലേക്ക് മാറ്റി

പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അര്‍ജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ക്ക് ഇതാണ് അവസ്ഥയെന്നും മന്ത്രി.

അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരന്‍ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായി. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്. അര്‍ജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒളിവില്‍ കഴിഞ്ഞശേഷം തളിപ്പറമ്പില്‍നിന്ന് അര്‍ജുന്‍ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

കേരളം ഗുണ്ടകളുടെ പറുദീസയല്ല; അര്‍ജുന്‍ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’; മന്ത്രി രമേശ് ചെന്നിത്തല

അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സൈ്വര്യജീവിതം അപകടത്തിലാക്കുന്ന ഗുണ്ടകള്‍ക്കെതിരെ കര്‍ശനനടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെപോലുള്ള ഗുണ്ടകളെ ആര് സംരക്ഷിച്ചാലും കാര്യമില്ല. ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. പിണറായി വിജയനും എം വി ജയരാജനും അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.

ഓണക്കാലം കൂടി മുന്‍ നിര്‍ത്തി നടപടികള്‍ ഊര്‍ജിതമാക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകള്‍ പ്രകാരം ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകും. മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുന്നവര്‍ ആരായാലും ശരി , കര്‍ശന നടപടി ഉണ്ടാകും. ഗുണ്ടകളെ മാത്രമല്ല ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന ആളുകളെയും നടപടിയെടുക്കും.കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെയും നടപടിയെടുക്കും.നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വന്ദേമാതരം വിവാദം: വിശദീകരണവുമായി ലോക് ഭവന്‍; ഭമുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല

വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവന്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിചിത്ര വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്.

എന്നാല്‍, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. നേരത്തെ വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ലോക് ഭവന്‍ നിര്‍ദേശ പ്രകാരം വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദമായിരുന്നു.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 21% കുറവ്

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 21% കുറവ്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടില്‍ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളില്‍ തീവ്രമഴ സാധ്യത കുറവ് ഇന്ന് നാല് വടക്കന്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരായ ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്

സംസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരായ ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിന്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോണ്‍സര്‍മാരെ കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവര്‍ത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാന്‍ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.

ഗുണ്ടകളുടെ സ്‌പോണ്‍സര്‍മാരെ കുറിച്ച് ഇന്റലിജന്‍സിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകള്‍ക്ക് ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബെംഗളൂരുവില്‍നിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിന്റെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചു. വിദേശത്തക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീര്‍ക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ കൊച്ചിയില്‍ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഓപ്പറേഷന്‍ ഗ്രിപ്പ് എന്ന പേരില്‍ സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് കേരള പൊലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷന്‍ നടത്തുന്നത്. അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവര്‍, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍, റൗഡി ലിസ്റ്റില്‍ പെട്ടവര്‍ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ളവരും സഹായം നല്‍കുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത; കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും, ആയങ്കി നടത്തിയത് കേവലം ഷോ മാത്രമെന്ന് എഡിജിപി

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് നല്‍കും. വളപട്ടണത്ത് മാത്രം 12 കേസുകള്‍ ഉണ്ട്. ആകെ 23 കേസുകളില്‍ പ്രതിയാണ് ആയങ്കി. അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസുകളുണ്ടെന്ന് എഡിജിപി പി വിജയന്‍ വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് പോസ്റ്റും കമന്റും ഇട്ടവര്‍ക്ക് എതിരേ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പി വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിക്കുക എന്നത് അര്‍ജുന്‍ ആയങ്കിയുടെ തോന്നല്‍ മാത്രമാണെന്നും, അത് യഥാര്‍ത്ഥത്തില്‍ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും എഡിജിപി പി. വിജയന്‍ വ്യക്തമാക്കി. ഗുണ്ടകള്‍ക്കെതിരെയുള്ള ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ മാരത്തോണ്‍ തുടരുമെന്നും, ഇതിന്റെ ഒരു ഘട്ടമാണ് ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യം ഇനിയും മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ജുന്‍ ആയങ്കി നടത്തിയത് കേവലം ഷോ മാത്രമാണ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഇയാള്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്ത വ്യക്തികള്‍ക്കെതിരെയും കര്‍ശന അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് എഡിജിപി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും തേടി പൊലീസ് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഗ്രിപ്പ് മാരത്തോണ്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.