Hivision Channel

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത; കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും, ആയങ്കി നടത്തിയത് കേവലം ഷോ മാത്രമെന്ന് എഡിജിപി

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് നല്‍കും. വളപട്ടണത്ത് മാത്രം 12 കേസുകള്‍ ഉണ്ട്. ആകെ 23 കേസുകളില്‍ പ്രതിയാണ് ആയങ്കി. അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസുകളുണ്ടെന്ന് എഡിജിപി പി വിജയന്‍ വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് പോസ്റ്റും കമന്റും ഇട്ടവര്‍ക്ക് എതിരേ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പി വ്യക്തമാക്കി.

പൊലീസിനെ വെല്ലുവിളിക്കുക എന്നത് അര്‍ജുന്‍ ആയങ്കിയുടെ തോന്നല്‍ മാത്രമാണെന്നും, അത് യഥാര്‍ത്ഥത്തില്‍ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും എഡിജിപി പി. വിജയന്‍ വ്യക്തമാക്കി. ഗുണ്ടകള്‍ക്കെതിരെയുള്ള ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ മാരത്തോണ്‍ തുടരുമെന്നും, ഇതിന്റെ ഒരു ഘട്ടമാണ് ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യം ഇനിയും മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ജുന്‍ ആയങ്കി നടത്തിയത് കേവലം ഷോ മാത്രമാണ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഇയാള്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്ത വ്യക്തികള്‍ക്കെതിരെയും കര്‍ശന അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് എഡിജിപി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും തേടി പൊലീസ് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഗ്രിപ്പ് മാരത്തോണ്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *