Hivision Channel

കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ;കെ.ജി.എം.ഒ.എ

കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനമെടുത്തത്.ലഹരി ഉപയോഗം കേവലം ഒരു നിയമപ്രശ്‌നം മാത്രമല്ല, മറിച്ച് അതിഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

ലഹരിയുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിനൊപ്പം തന്നെ, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെയാകെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍, സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും നല്‍കാന്‍ കെ.ജി.എം.ഒ.എ പ്രതിജ്ഞാബദ്ധമാണ്.

ഓഗസ്റ്റ് 9ന് കോട്ടയ്ക്കലില്‍ വച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി. കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ്, സംസ്ഥാന ട്രഷറര്‍ ഡോ. അനൂപ് വി. എസ്, മാനേജിംഗ് എഡിറ്റര്‍ ഡോ. മുരളീധരന്‍, ഐ.പി.പി ഡോ. സുരേഷ് ടി. എന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് എ. കെ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *