Hivision Channel

latest news

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 23.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കുടിശികയാണ്. അങ്കണവാടികളിലെ പോഷകാഹാര വിതരണവും വലിയ പ്രതിസന്ധിയിലാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഇടതുപക്ഷം കൊണ്ടുവന്ന മാതൃകാ മെനു നടപ്പാക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അരിയും പച്ചക്കറിയും പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്ത് സാധനം വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പലരും സ്വര്‍ണ്ണം പണയം വെച്ച് പോലും സാധനങ്ങള്‍ വാങ്ങുകയാണ്. ചോറും രണ്ട് കറിയും മാത്രം ആണ് ഇപ്പോള്‍ നല്‍കുന്നത്. എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നല്‍കുന്നത് നിര്‍ത്തലാക്കി. ക്ഷേമ ആശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മേളയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ്. കഴിഞ്ഞ സര്‍ക്കാര്‍ 25000 കുട്ടികള്‍ക്ക് താമസവും ഭക്ഷണവും എല്ലാം നല്‍കി. ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വര്‍ണ്ണ കപ്പ് പോലും കാണാന്‍ ഇല്ല. ഓരോ മേളയും കഴിയുമ്പോള്‍ അടുത്ത മേള എവിടെ നടത്തണം എന്ന് തീരുമാനിക്കും. ഇത്തവണ അത് ഉണ്ടായില്ല. പതാക പോലും കാണാന്‍ ഇല്ലാത്ത സ്ഥിതിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More »

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി വാസു,103) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നു. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു Read More »

എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം.

എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കം.

കേന്ദ്ര നിലപാട് ഇരട്ടത്താപ്പെന്ന് കത്തിലൂടെ അറിയിക്കും. കേരളം കണ്ടെത്തി നല്‍കിയ സ്ഥലത്തിന്റെ പട്ടികയില്‍ നിന്ന് ഒരു സ്ഥലം തിരഞ്ഞെടുത്ത് എയിംസ് അനുവദിക്കണമെന്നാണ് ആവശ്യം. എംപിമാര്‍ മുഖേന കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും ആലോചനയുണ്ട്.

നിരന്തരം കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും ആവശ്യം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ എയിംസിന് അനുയോജ്യമായ 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് നേരത്തെ കൈമാറിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെ മുരളീധരന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പുനല്‍കിയിരുന്നു. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് ഇരട്ടത്താപ്പ് എന്നാണ് ആക്ഷേപം. കേന്ദ്ര നിലപാടില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കും. കേരളത്തില്‍ നിന്നുള്ള സഹമന്ത്രിയുടെ നിലപാടും സംസ്ഥാനം ചോദ്യം ചെയ്തേക്കും.

എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. Read More »

ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു

വിഖ്യാത ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസിതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോധക്ഷയം സംഭവിച്ചയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20നാണ് മരണം സ്ഥിരീകരിച്ചത്.

ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തിയ വിശാല്‍ ഭരദ്വാജിന്റെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ഓ റോമിയോ’യിലാണ് നാനാ പടേക്കര്‍ അവസാനമായി അഭിനയിച്ചു. 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മുംബൈ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായ ഇസ്മായില്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2026 മാര്‍ച്ചില്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത അനില്‍ കപൂറിന്റെ ‘സുബേദാര്‍’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഇതിനുമുമ്പ് ‘ഹൗസ്ഫുള്‍ 5’ (2025), ‘വന്വാസ്’ (2024) എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു.

1951ല്‍ മഹാരാഷ്ട്രയിലാണ് നാനാ പടേകറുടെ ജനനം. നട്‌സാമ്രാട്ട്, വജൂദ്, പരിന്ദ, അബ് തക് ഛപ്പന്‍, യശ്വന്ത് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലാണ് അദ്ദേഹം തിളങ്ങിയത്. അഭിനയത്തിന് പുറമേ സംവിധാന രംഗത്തും എഴുത്തിലും അദ്ദേഹം തിളങ്ങി.

ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനുമാണ് സാധ്യത. ഇരട്ട ചക്രവാതച്ചുഴിയുടെയും, ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും Read More »

അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ഉത്തരവിറക്കി എംവിഡി

വാഹന മോഡിഫിക്കേഷനില്‍ പുതിയ ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ആണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ആര്‍സിയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എന്‍ജിന്‍ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്‌കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനം ആക്കി മാറ്റാം, ഇതല്ലാതെയുള്ള മറ്റ് മോഡിഫിക്കേഷന്‍ അനുവദനീയമല്ലെന്നും എം.വി.ഡി ഉത്തരവില്‍ വ്യക്തമാക്കി.

എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു. 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. അനുവദിച്ച മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. ഈ ഏഴുമാറ്റങ്ങള്‍ക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്.

അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ഉത്തരവിറക്കി എംവിഡി Read More »

സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാര്‍ഡന്‍, ട്യൂട്ടര്‍ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവര്‍ത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കല്‍ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ഹോസ്റ്റലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡ്രായിങ് ആന്‍ഡ് ഡിസ്ബര്‍സിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിന്‍സിപ്പല്‍മാര്‍ വാര്‍ഡനായി നിയമിക്കേണ്ടത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി ഓരോ അക്കാദമിക വര്‍ഷവും ട്യൂട്ടര്‍മാരെയും നിയമിക്കണം. അധ്യാപകരുടെ സമ്മതം രേഖാമൂലം വാങ്ങിയ ശേഷം കോളേജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വാര്‍ഡന്‍ നിയമനം നടത്തേണ്ടത്. വനിതാ ഹോസ്റ്റലുകളില്‍ പുരുഷ അധ്യാപകരെ വാര്‍ഡനായി നിയമിക്കുന്നതിന് മുന്‍പായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.

വാര്‍ഡന്‍, ട്യൂട്ടര്‍ നിയമന ഉത്തരവുകളില്‍ കൗണ്‍സില്‍ തീരുമാനം കൃത്യമായി പരാമര്‍ശിക്കണമെന്നും, ഓരോ നിയമനവും ജൂണ്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു അധ്യയന വര്‍ഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു. ഈ നിയമനങ്ങള്‍ക്കെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണ ഉത്തരവ് യഥാസമയം വാങ്ങിയിരിക്കേണ്ടതുമാണ്. സര്‍വ്വകലാശാലകള്‍ മധ്യവേനലവധി (ഏപ്രില്‍-മേയ് മാസങ്ങളില്‍) പ്രഖ്യാപിക്കുമ്പോള്‍ കോളേജുകള്‍ക്കൊപ്പം ഹോസ്റ്റലുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ സര്‍വ്വകലാശാല പരീക്ഷകളോ സെമസ്റ്റര്‍ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം, പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ലഭ്യമാക്കി ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ മാര്‍ച്ച് 31-ന് ശേഷവും ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് Read More »

സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി ‘കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്’ നാണ് രൂപം നല്‍കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങള്‍ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്‍ധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങള്‍, വര്‍ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ എന്നിവയെല്ലാം സമിതി പരിശോധിക്കും. രോഗങ്ങള്‍ തടയാനും കൃത്യസമയത്ത് പരിശോധനകള്‍ നടത്താനുമുള്ള സംവിധാനങ്ങള്‍ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദം ഉള്‍പ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായി ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ ഡിജിറ്റല്‍ സംവിധാനവും ഇതിന്റെ ഭാഗമായി വരും.

ടാസ്‌ക് ഫോഴ്‌സ് ആദ്യ യോഗം ചേര്‍ന്ന് രണ്ട് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നടപ്പാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികള്‍, മൂന്ന് വര്‍ഷത്തേക്കുള്ള ഘട്ടംഘട്ടമായ കര്‍മപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതില്‍ വ്യക്തമാക്കും.

സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു Read More »

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് എംയിസ് ജനകീയ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചിരിക്കുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന എന്ന് കേന്ദ്രം നിലപാടറിയിച്ചത്.

എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവര്‍ക്കും മുന്‍ നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകില്ല. കേരളത്തില്‍ എയിംസ് അനിവാര്യമാണ്. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയല്ല. എങ്ങനെയാണ് ഡല്‍ഹിയില്‍ എയിംസ് വന്നതെന്നും കോടതി ചോദിച്ചു.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More »

ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം ;ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാന്‍ പാടില്ലെന്നും അധികമായി എത്തുന്ന ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനം നല്‍കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.

സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി ദിവസവും 70000 ഭക്തര്‍ക്ക് ദര്‍ശനത്തിന് ബുക്ക് ചെയ്യാനാകും. അഡ്വാന്‍സ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നല്‍കണമെന്നും മറ്റു ഭാഷകളില്‍ അടക്കം പ്രചരണം നല്‍കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോട്ടണ്‍ ഗ്ലൗസുകള്‍ നല്‍കേണ്ടതാണെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 29-ാം തീയതി ചേര്‍ന്ന് യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ശബരിമല മണ്ഡലകാലം നവംബര്‍ 17-നാണ് ആരംഭിക്കുന്നത്. ഈ മാസം 30നകം മരാമത്ത് പണികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.

ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം ;ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി Read More »