Hivision Channel

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 23.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കുടിശികയാണ്. അങ്കണവാടികളിലെ പോഷകാഹാര വിതരണവും വലിയ പ്രതിസന്ധിയിലാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഇടതുപക്ഷം കൊണ്ടുവന്ന മാതൃകാ മെനു നടപ്പാക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അരിയും പച്ചക്കറിയും പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്ത് സാധനം വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പലരും സ്വര്‍ണ്ണം പണയം വെച്ച് പോലും സാധനങ്ങള്‍ വാങ്ങുകയാണ്. ചോറും രണ്ട് കറിയും മാത്രം ആണ് ഇപ്പോള്‍ നല്‍കുന്നത്. എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നല്‍കുന്നത് നിര്‍ത്തലാക്കി. ക്ഷേമ ആശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മേളയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ്. കഴിഞ്ഞ സര്‍ക്കാര്‍ 25000 കുട്ടികള്‍ക്ക് താമസവും ഭക്ഷണവും എല്ലാം നല്‍കി. ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വര്‍ണ്ണ കപ്പ് പോലും കാണാന്‍ ഇല്ല. ഓരോ മേളയും കഴിയുമ്പോള്‍ അടുത്ത മേള എവിടെ നടത്തണം എന്ന് തീരുമാനിക്കും. ഇത്തവണ അത് ഉണ്ടായില്ല. പതാക പോലും കാണാന്‍ ഇല്ലാത്ത സ്ഥിതിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *