
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാര്‍ഡന്‍, ട്യൂട്ടര്‍ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവര്‍ത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കല്‍ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ഹോസ്റ്റലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡ്രായിങ് ആന്‍ഡ് ഡിസ്ബര്‍സിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിന്‍സിപ്പല്‍മാര്‍ വാര്‍ഡനായി നിയമിക്കേണ്ടത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി ഓരോ അക്കാദമിക വര്‍ഷവും ട്യൂട്ടര്‍മാരെയും നിയമിക്കണം. അധ്യാപകരുടെ സമ്മതം രേഖാമൂലം വാങ്ങിയ ശേഷം കോളേജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വാര്‍ഡന്‍ നിയമനം നടത്തേണ്ടത്. വനിതാ ഹോസ്റ്റലുകളില്‍ പുരുഷ അധ്യാപകരെ വാര്‍ഡനായി നിയമിക്കുന്നതിന് മുന്‍പായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
വാര്‍ഡന്‍, ട്യൂട്ടര്‍ നിയമന ഉത്തരവുകളില്‍ കൗണ്‍സില്‍ തീരുമാനം കൃത്യമായി പരാമര്‍ശിക്കണമെന്നും, ഓരോ നിയമനവും ജൂണ്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു അധ്യയന വര്‍ഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു. ഈ നിയമനങ്ങള്‍ക്കെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണ ഉത്തരവ് യഥാസമയം വാങ്ങിയിരിക്കേണ്ടതുമാണ്. സര്‍വ്വകലാശാലകള്‍ മധ്യവേനലവധി (ഏപ്രില്‍-മേയ് മാസങ്ങളില്‍) പ്രഖ്യാപിക്കുമ്പോള്‍ കോളേജുകള്‍ക്കൊപ്പം ഹോസ്റ്റലുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ സര്‍വ്വകലാശാല പരീക്ഷകളോ സെമസ്റ്റര്‍ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം, പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ലഭ്യമാക്കി ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ മാര്‍ച്ച് 31-ന് ശേഷവും ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.














