Hivision Channel

ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം ;ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാന്‍ പാടില്ലെന്നും അധികമായി എത്തുന്ന ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനം നല്‍കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.

സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി ദിവസവും 70000 ഭക്തര്‍ക്ക് ദര്‍ശനത്തിന് ബുക്ക് ചെയ്യാനാകും. അഡ്വാന്‍സ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നല്‍കണമെന്നും മറ്റു ഭാഷകളില്‍ അടക്കം പ്രചരണം നല്‍കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോട്ടണ്‍ ഗ്ലൗസുകള്‍ നല്‍കേണ്ടതാണെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 29-ാം തീയതി ചേര്‍ന്ന് യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ശബരിമല മണ്ഡലകാലം നവംബര്‍ 17-നാണ് ആരംഭിക്കുന്നത്. ഈ മാസം 30നകം മരാമത്ത് പണികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *