Hivision Channel

latest news

അമ്മ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ; ലക്ഷ്മിപ്രിയയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

നടി അന്‍സിബ ഹസന്‍ നല്‍കിയ കേസില്‍ എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈകോടതിയില്‍. ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. പാവപെട്ടവരുടെ പ്രശ്നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്നം തീര്‍ക്കാനെ സമയമുള്ളല്ലോ എന്ന് കോടതി പരാമര്‍ശം. അമ്മ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണമല്ലോ എന്ന് ഹൈക്കോടതി.

അതേസമയം, അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ആചട 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ് രംഗത്തെത്തി. എഫ്‌ഐആറില്‍ ടൈപ്പിങ് പിഴ സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടികാണിച്ച് അന്‍സിബ കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് വിശദീകരണം.

പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനായിരുന്നു അന്‍സിബയുട നീക്കം. അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസ് എടുത്തത്. എന്നാല്‍, മനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ചേര്‍ത്ത് കേസ് എടുത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്.

അമ്മ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ; ലക്ഷ്മിപ്രിയയുടെ ഹര്‍ജിയില്‍ ഹൈക്കോടതി Read More »

മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി.

മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയെ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. അതിനാല്‍ പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഉത്തരവ്.

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കത്തക്ക വിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷാ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടവരാത്ത വിധം പൂര്‍ണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. ജില്ലാ പൊലീസ് മേധാവികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധനല്‍കി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. Read More »

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കുന്നത് അവസാനിക്കും. അതോടൊപ്പം ഒക്ടോബര്‍ മുതല്‍ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാര്‍ സാധ്യമായതും ഗുണമായി. സാഹചര്യം മെച്ചപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

അതേസമയം, കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സമിതിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കരാറുകള്‍ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു Read More »

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം തൂഫാന്‍ തദ്ദേശം ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാന്‍ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തൂഫാന്‍ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോള്‍ 11,677 കേസുകളും 12,584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. എല്ലാ വാര്‍ഡുകളിലും പ്രത്യേക തൂഫാന്‍ സമിതികള്‍ രൂപീകരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം തൂഫാന്‍ തദ്ദേശം ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും Read More »

ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണില്‍ വിളിച്ച് നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. 17കാരനെ കാണാതായിട്ട് 49 ദിവസമായി. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരിലാണ് വീട് വിട്ടത്.

ഒരു സിസിടിവിയില്‍ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കില്‍ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം. കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം. അവന്‍ അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാല്‍ തന്നെ വരാറില്ല. ഭക്തന്‍ ഒന്നുമല്ല. അങ്ങനെ ആരോടും അവന്‍ സംസാരിക്കാറില്ല. അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ തനിക്ക് കാശിക്ക് പോകാമെന്ന് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ നിന്ന് സ്വാഭാവികമായി സംസാരിച്ചിരുന്നു. അത് അവന്‍ ഈ രീതിയില്‍ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ല ബബിജ പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »

സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്താന് ജയ് വിളിച്ച് വെബ്സൈറ്റില്‍ കുറിപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീം ബ്ളാക്ക്ലീറ്റ്സ് ആണ് ഹാക്ക് ചെയ്തതെന്നും പബ്ലിഷ് ചെയ്തു

പൊതുഭരണവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണിതെന്നാണ് വിവരം. വെബ്സൈറ്റ് തിരിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്താന് ജയ് വിളിച്ച് വെബ്സൈറ്റില്‍ കുറിപ്പ് Read More »

കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിനായി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തില്‍ പരമാവധി മൂന്ന് ബസുകള്‍ വരെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ അനുവാദമുണ്ട്.

ഈ ബസുകള്‍ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങള്‍ക്കായിരിക്കും സര്‍വീസുകളില്‍ ആദ്യ മുന്‍ഗണന നല്‍കുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ചായിരിക്കും എംഎല്‍എമാര്‍ അന്തിമമായി തീരുമാനിക്കുക.

എംഎല്‍എമാരില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. നികുതികളും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബര്‍ 30-നകം കെഎസ്ആര്‍ടിസി സിഎംഡി ജനപ്രതിനിധികള്‍ക്ക് കൈമാറണം. തുടര്‍ന്ന്, ബസുകള്‍ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിര്‍ദേശം ഒക്ടോബര്‍ 15-നകം എംഎല്‍എമാര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് Read More »

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ചില സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്.

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ Read More »

ഇന്ന് ലോക വിനോദസഞ്ചാര ദിനം

ഇന്ന് ലോക വിനോദസഞ്ചാര ദിനം. ടൂറിസത്തിന്റെ പുനര്‍രൂപകല്‍പ്പനയ്ക്ക് ഡിജിറ്റല്‍ അജണ്ടയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം 1980 മുതലാണ് ഈ ദിനം ആചരിക്കുന്നത്. ഓരോ യാത്രയും പുതിയ അറിവുകളും സൗഹൃദങ്ങളുമാണ് നമ്മള്‍ക്ക് സമ്മാനിക്കുന്നത്. വിനോദസഞ്ചാരത്തെ കേവലം ഉല്ലാസയാത്ര എന്നതിലുപരിയായി സാമ്പത്തിക വളര്‍ച്ചയും സാംസ്‌കാരിക വിനിമയവും ഉറപ്പാക്കുന്ന ശക്തിയായാണ് ഇന്ന് ലോകം കാണുന്നു.

152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇക്കൂട്ടത്തില്‍ ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തിയ രാജ്യം ഫ്രാന്‍സാണ്-മൊത്തം 10.2 കോടി പേര്‍. തൊട്ടുപിന്നില്‍ സ്‌പെയിനും അമേരിക്കയുമാണുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം ഡവലപ്‌മെന്റ് ഇന്‍ഡെക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 119 രാജ്യങ്ങളില്‍ 39-ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ന് ലോക വിനോദസഞ്ചാര ദിനം Read More »

പ്ലസ്ടു വിദ്യാര്‍ഥിനിയെ പ്രിയദര്‍ശിനി ടിക്കറ്റ് നല്‍കാതെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അവഹേളിച്ചെന്ന് പരാതി

പ്ലസ് ടു വിദ്യാര്‍ഥിനിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ടിക്കറ്റ് നല്‍കാതെ അവഹേളിച്ചെന്ന് പരാതി. ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത്. നാല് പേര്‍ട്ട് കണ്ടക്ടര്‍ പ്രിയദര്‍ശിനി ടിക്കറ്റ് കൊടുത്തു. എന്നാല്‍, ഈ പെണ്‍കുട്ടിക്ക് മാത്രം കൊടുത്തില്ല. ടിക്കറ്റ് ചാര്‍ജ് വേണമെന്നും പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ നിന്നെ കണ്ടാല്‍ പെണ്ണായി തോന്നുന്നില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചില യാത്രക്കാരും കണ്ടക്ടര്‍ക്കൊപ്പം ചേര്‍ന്നുവെന്നും മുടി കുറവാണെന്നതടക്കം പറഞ്ഞ് പരിഹസിച്ചുവെന്നും വ്യക്തമാക്കുന്നു. അപമാനം സഹിച്ചുകൊണ്ട് വാഹനത്തില്‍ തന്നെ യാത്ര ചെയ്യേണ്ടി വന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടക്ടറുടെയും ചില യാത്രക്കാരുടെയും ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പറവൂര്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കണ്ടക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു

പ്ലസ്ടു വിദ്യാര്‍ഥിനിയെ പ്രിയദര്‍ശിനി ടിക്കറ്റ് നല്‍കാതെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അവഹേളിച്ചെന്ന് പരാതി Read More »