Hivision Channel

latest news

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാരെ സ്ഥലംമാറ്റി.നാല് ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് മാറ്റി.

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് എത്തിയത് അറിഞ്ഞാണ് ജീവനക്കാര്‍ മുങ്ങിയത്. മുന്നറിയിപ്പില്ലാതെഅവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് പുറമേ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും കെഎസ്ആര്‍ടിസിക്കുണ്ടായി.

ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ രീതികള്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരന്‍ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് ലോറി പിറകില്‍ വന്ന് ഇടിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ട് സ്ത്രീകള്‍ നേരെ ലോറിക്ക് അടിയിലേക്ക് പോയെന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇവരെ വലിച്ച് പുറത്തേക്ക് എടുത്തതെന്നും ഇവര്‍ പറയുന്നു.

കൊടും ചൂട്; സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പകല്‍ സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം.സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യോഗത്തില്‍ വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു.

പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.

സൂര്യാഘാതമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു

സൂര്യാഘാതമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്

ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു.

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഇല്ല

കൊടും ചൂടില്‍ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലോഡ്‌ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇന്ന് ചേര്‍ന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കും. കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാല്‍ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്‌ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം

കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ഇന്നലെ രാത്രി വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇന്ന് രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പാതി തിന്ന നിലയില്‍ നായയുടെ ജഡവും കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടികളും തുടങ്ങി. റണ്‍വേയില്‍ നിന്നും 300 മീറ്റര്‍ മാറി കാടുമൂടിയ പ്രദേശത്താണ് വന്യജീവി സാന്നിധ്യം കണ്ടെത്തിയത്.

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ കൂട്ടും

കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്‌കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിനും കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കല്‍പണിക്കാരനാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചില്ലറയെച്ചൊല്ലി തര്‍ക്കം; ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68 കാരന്‍ മരിച്ചു

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68-കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയുംചെയ്തിരുന്നു.

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനെ ബസില്‍നിന്ന് തള്ളിയിട്ടത്. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.

വീഴ്ചയിലും മര്‍ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കണ്ടക്ടര്‍ രതീഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. പവിത്രന്‍ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം.