Hivision Channel

ചില്ലറയെച്ചൊല്ലി തര്‍ക്കം; ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68 കാരന്‍ മരിച്ചു

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68-കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയുംചെയ്തിരുന്നു.

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനെ ബസില്‍നിന്ന് തള്ളിയിട്ടത്. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.

വീഴ്ചയിലും മര്‍ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കണ്ടക്ടര്‍ രതീഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. പവിത്രന്‍ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

Leave a Comment

Your email address will not be published. Required fields are marked *