Hivision Channel

കൊടും ചൂട്; സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11 മണിമുതല്‍ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറം ജോലികള്‍ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പകല്‍ സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം.സ്‌കൂളുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യോഗത്തില്‍ വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു.

പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.

Leave a Comment

Your email address will not be published. Required fields are marked *