നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും;മുഖ്യമന്ത്രി

2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏറിയകൂറും നിര്‍വഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാല്‍ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണ് കേരളത്തില്‍ നടന്നത്.
ഒരു ശതമാനത്തില്‍ താഴെയായിരുന്നു കേരളത്തിലെ അതി ദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. പദ്ധതി ഒന്നാം വര്‍ഷത്തില്‍ എത്തിയപ്പോള്‍ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തില്‍ അതിദരിദ്രര്‍ 64,002 എന്ന് കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കി. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇത് മാനവ സ്‌നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ. സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാന്‍ കഴിയാതെ പോവുന്ന കുടുംബങ്ങളെ സാമൂഹിക നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മൈക്രോപ്ലാന്‍ തയ്യാറാക്കി അതിദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതല്‍ ആരംഭിച്ചു.
ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതല്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റന്‍സ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്.
ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങള്‍ നല്‍കിയത്. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോ ക്താക്കളായുള്ളത്. അതിദരിദ്ര വിഭാഗത്തിലുള്ളവര്‍ക്ക് അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 4 പേര്‍ക്ക് ജോബ് കാര്‍ഡ്, 4 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍, 31 പേര്‍ക്ക് വോട്ടര്‍ ഐ ഡി, 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, രണ്ട് പേര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, രണ്ട് പേര്‍ക്ക് സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി.
ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളില്‍ 79 പേര്‍ക്കും ഭക്ഷണം ഗ്രാമപഞ്ചായത്തുകള്‍ വഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ വഴിയും എത്തിച്ചു നല്‍കി. ആരോഗ്യ സേവനങ്ങള്‍ ആവശ്യമായ 139 കുടുംബങ്ങളില്‍ എല്ലാവര്‍ക്കും സേവനങ്ങള്‍ ഹെല്‍ത്ത് സെന്റര്‍ മുഖേനയും, പാലിയേറ്റീവ് കെയര്‍ സംവിധാനം വഴിയും നല്‍കുകയും വരുമാനം ലഭ്യമാക്കുന്നതിന് 20 കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേനയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വരുമാനദായിക സംവിധാനങ്ങള്‍ വഴിയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരില്‍ ലൈഫ് പദ്ധതിയിലൂടെ 27 പേര്‍ക്ക് വീടും ആറ് പേര്‍ക്ക് വീടും സ്ഥലവും അനുവദിക്കുകയും 40 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവന പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കുകയും ചെയ്തു. മൂന്ന് കുടുംബങ്ങള്‍ക്ക് ടോയിലറ്റ്, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷന്‍ എന്നിവ അനുവദിച്ചതിലൂടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാധ്യമാക്കാന്‍ സാധിച്ചു.
.ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പി എ യു പ്രോജക്ട് ഡയറക്ടര്‍ എം രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി കെ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ കെ രവി, എ വി ഷീബ, കെ കെ രാജീവന്‍, കെ ഗീത, പി വി പ്രേമവല്ലി, ടി സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കിരവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം സജിത, എ ദീപ്തി, കെ ശശിധരന്‍, സി എന്‍ ചന്ദ്രന്‍, വി എ നാരായണന്‍, ടി ഭാസ്‌കരന്‍, വി കെ ഗിരിജന്‍, കെ ജയാനന്ദന്‍, എം ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.