
ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍േട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (11/04/2025) രാത്രി 08.30 മുതല്‍ നാളെ (12/04/2025) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ നാളെ (12/04/2025) ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.