Hivision Channel

latest news

വാഹന പ്രചരണ ജാഥ

പേരാവൂര്‍: തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക,ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്ന നടപടികള്‍ ഉപേക്ഷിക്കുക, ഡാക്മിത്ര, കോമണ്‍സര്‍വീസ് സെന്റര്‍ പദ്ധതി ഉപേക്ഷിക്കുക, പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് സംരക്ഷിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 10 ന് തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി. ജാഥാ ലീഡര്‍ യൂണിയന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ മോഹനന്‍, കെ ശശി, എം.പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

കുടുംബ സഹായ ഫണ്ട് കൈമാറി

മാലൂര്‍: കേരള വ്യാപാരി വ്യവസായ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മരണാനന്തര സഹായമായ, വ്യാപാരി കുടുംബ സഹായ ഫണ്ട് പനമ്പറ്റിലെ ആലക്കണ്ടി കുഞ്ഞിരാമന്റെ കുടുംബത്തിന് കൈമാറി. വ്യാപാരി വ്യവസായ സമിതി മാലൂര്‍ പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍, യുണിറ്റ് പ്രസിഡണ്ട് സി പ്രജീഷ്, പ്രമോദ് കുമാര്‍, രജീഷ് എന്നിവര്‍ പങ്കെടുത്തു.

പെരുന്തറച്ചാല്‍ കിണര്‍ ഉദ്ഘാടനം

ഇരിട്ടി: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച പെരുന്തറച്ചാല്‍ കിണര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ സ്വരൂപ്, എ വിജയന്‍ പത്മജ എന്നിവര്‍ സംസാരിച്ചു.

ഇരിട്ടി നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മീന്തേരി കിണര്‍ ഉദ്ഘാടനം

ഇരിട്ടി: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മീന്തേരി കിണര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. രാജീവ് വി.വി, മുനിസിപ്പല്‍ എ.ഇ.എ സ്വരൂപ്,
വി.വി ശ്യാമള എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ആശ്വാസം, അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയെ സൂചിപ്പിച്ച് പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ തുടങ്ങി എട്ട് ജില്ലകളില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് ആണ് പിന്‍വലിച്ചത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.

മരിയഭവന്‍, കൃപാ ഭവന്‍ അന്തേവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കി

തെറ്റുവഴി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്ന മരിയഭവന്‍, കൃപാ ഭവന്‍ അന്തേവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കി. യൂണിറ്റ് പ്രസിഡണ്ട് സി.എം.ജെ, മണത്തണ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.സി പ്രവീണ്‍, ട്രഷറര്‍ എ.രാജന്‍, യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ദിനേശന്‍, സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കേളകം പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കേളകം:ശാന്തിഗിരി കൈലാസം പടിയിലെ ഭൂമിയിലെ വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ ഉള്ള 12 കുടുംബങ്ങൾക്കായി കോളിത്തട്ട് ഗവ.എൽ.പി. സ്‌കൂളിലും കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ കണ്ടംതോട് മേഖലയിലെ 11 കുടുംബങ്ങൾക്കായി
ജോസ്ഗിരി പള്ളിയിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.മലയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വ്യാഴാഴ്ച ഉച്ച മുതൽ ഇരിട്ടി തലശ്ശേരി താലൂക്കുകളിൽ നല്ല മഴ തുടരുന്ന സാഹചര്യത്തിലും, രാത്രിയും വെള്ളിയാഴ്ച ഉച്ച വരെയും ജില്ല മുഴുവൻ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലും , കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്ത് 5 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല.
മലയോര മേഖലയിൽ താമസിക്കുന്നവർ രാത്രി ജാഗ്രത പുലർത്തേണ്ടതാണ്.

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റില്ല ഇന്ന് ഉച്ചകഴിഞ്ഞ് മരുന്നിനായി ക്യു നിന്നവരോട് മരുന്ന് തീര്‍ന്നുവെന്ന് പറഞ്ഞ് ഫാര്‍മസിയുടെ കൗണ്ടറുകള്‍ അടച്ചതായി പരാതി.

thaluk hospital

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒ പിയില്‍ ഡോക്ടറെ കാണിച്ച് കഴിഞ്ഞാല്‍ മണിക്കൂറുകളോളം മരുന്നിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.മിക്ക ദിവസവും ഫാര്‍മസിസ്റ്റില്ലാത്തതിന്റെ പേരില്‍ വാക്കേറ്റവും ഉണ്ടാകാറുണ്ട്.രോഗവുമായി എത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുന്നതിന് മുന്‍പ് തന്നെ അവശരായി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി പോകുന്ന കാഴ്ചയും കാണാം.ബുധനാഴ്ച 4 മണിക്ക് ശേഷം ഡോക്ടറെ കണ്ട് മരുന്നിനായി ക്യൂ നിന്നപ്പോള്‍ മരുന്ന് തീര്‍ന്നുവെന്ന് പറഞ്ഞ് നിലവില്‍ ക്യൂ നിന്നവര്‍ക്ക് മരുന്ന് നല്‍കാതെ ഫാര്‍മസി അടച്ചു.തുടര്‍ന്ന് മരുന്നിനായി ക്യു നിന്നവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.ആശുപത്രിയില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്.ആശുപത്രിയില്‍ പിഎസ്സി തസ്തികയിലുള്ള ഒരു ഫാര്‍മസിസ്റ്റ് സ്വയം ഇഷ്ടപ്രകാരം ലീവെടുത്തിനാലും ,നിലവിലുള്ളവര്‍ക്ക് ജോലി ഭാരം കൂടി നാല് തവണ ഫാര്‍മസിസ്റ്റിനായി എച്ച്എംസി ഇന്റര്‍വ്യു നടത്തിയെങ്കിലും ഒരാള്‍മാത്രമാണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്.

16000 രൂപ ശമ്പളം നല്‍കിയിട്ടും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ വരാത്തതിനാലാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.ഉച്ചക്ക് ശേഷം സ്റ്റാഫ്‌നേഴ്‌സാണ് മരുന്ന് നല്‍കുന്നതെന്നും അതിനാല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് വന്നാല്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുവെന്നും ആശുപത്രി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍ പറഞ്ഞു.

ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം : മുഖ്യമന്ത്രി

hivision online

Chalakudy Puzha

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കുകഎല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.കേരളത്തിൽ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.