നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി വി പ്രശാന്തനും നോട്ടീസ് അയക്കാന്‍ ഉത്തരവ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം 10ലേക്ക് വീണ്ടും മാറ്റി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂര്‍ കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ കുടുംബത്തിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീന്‍ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.