Hivision Channel

latest news

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

പേരാവൂര്‍: ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എ ഫിലിപ്പ്, നിടുംപുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോസ് മുണ്ടക്കലിന് ഭക്ഷ്യകിറ്റുകള്‍ കൈമാറി. ജില്ലാ പ്രസിഡണ്ട് അഡ്വ. റോജസ് സെബാസ്റ്റിയന്‍, വാര്‍ഡ് മെമ്പര്‍ ജിഷ സജി, നേതാക്കളായ കണ്‍സന്‍ ജോര്‍ജ്, ഡെന്നീസ് മാണി, ടോമി അമ്പലത്തുങ്കല്‍,സി.ജി സുരേന്ദ്രന്‍, അപ്പച്ചന്‍ നെടുമാട്ടുങ്കര, ജോണ്‍സണ്‍ വട്ടോത്ത്, ഇടവക കോഡിനേറ്റര്‍ സണ്ണി വല്ലാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശിച്ചു

പേരാവൂര്‍: പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശിച്ചു. ഇരിട്ടി തഹസീല്‍ദാര്‍ സി.വി പ്രകാശനും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ക്യാമ്പില്‍ കഴിയുന്നവരോട് ക്ഷേമാന്വേഷണം നടത്തിയ ശേഷമാണ് എം.എല്‍.എ മടങ്ങിയത്.

ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം

അടയ്ക്കാത്തോട്: ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം അടയ്ക്കാത്തോട് സി.പി.എം പാര്‍ട്ടി ഓഫീസില്‍ നടന്നു. ബാലസംഘം ഏരിയ സെക്രട്ടറി അമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു. വില്ലേജ് കണ്‍വീനര്‍ ചിന്നമ്മ ശശി, കാശിനാഥന്‍ മാങ്കൂട്ടത്തില്‍, കനിഹ, ലോക്കല്‍ സെക്രട്ടറി ജോര്‍ജ് കുപ്പക്കാട്ട്, തങ്കമ്മ മേലെക്കൂറ്റ് എന്നിവര്‍ സംസാരിച്ചു.

നാമ ജപയജ്ഞം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കുക, ദേവസ്വം ബോര്‍ഡിന്റ തെറ്റായ നയങ്ങള്‍ തിരുത്തുക, ക്ഷേത്ര വരുമാനം ക്ഷേത്ര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉന്നയിച്ച് കൊട്ടിയൂര്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ നാമജപയജ്ഞം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം ഉദ്ഘാടനം ചെയ്തു. മനേഷ് ചിറ്റാരിപറമ്പ്, രാജന്‍ കൊട്ടിയൂര്‍, പി.എസ് മോഹനന്‍, ദേവകി വിജയന്‍, ബാബു കരിമ്പനാല്‍ എന്നിവര്‍ സംസാരിച്ചു.

വൃദ്ധസദനത്തിന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി

ഇരിട്ടി: അലയന്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുടയരിഞ്ഞി പ്രേക്ഷിധാര വൃദ്ധ സദനത്തിനു ഭക്ഷ്യവസ്തുക്കള്‍ കൈമാറി. അലയന്‍സ് ക്ലബ് പ്രസിഡണ്ട് അഡ്വ. പി.കെ ആന്റണി പുളിയമാക്കല്‍, വി.എം നാരായണന്‍, ഡോ. ജി ശിവരാമകൃഷ്ണന്‍, കെ.എഫ് തോമസ്, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍, ജോണ്‍സന്‍ അണിയറ, സി. സാവ്യോ, സി. പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. മൂന്നു ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില വര്‍ധിച്ചത്. ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമായിരുന്നു തിങ്കളാഴ്ച. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ലോണ്‍ – ലൈസന്‍സ് മേള 12 ന്

പേരാവൂര്‍: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും സുവര്‍ണ്ണാവസരമായി പേരാവൂര്‍ പഞ്ചായത്ത് തലത്തില്‍ ലോണ്‍ – ലൈസന്‍സ് മേള നടത്തുന്നു. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. 7 ഓളം ബാങ്കുകള്‍ പങ്കെടുക്കുന്ന മേളയില്‍ അപേക്ഷകര്‍ക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോണ്‍ കരസ്ഥമാക്കാനുമുള്ള അവസരം ഉണ്ടാവുന്നതാണ്. മേള പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും. പുതിയ സര്‍ക്കാര്‍ പദ്ധതി പ്രകാരം 4% മാത്രം ആണ് പലിശ.ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ ലോണ്‍ ലഭ്യമാണ്.ഏതെങ്കിലും രീതിയില്‍ സംരംഭ ആശയം ഉള്ളവര്‍ മേളയില്‍ പങ്കെടുക്കേണ്ടതാണ്. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 7012671658 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 12 -ാം തീയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കേരളത്തില്‍ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

പതാക ദിനം ആചരിച്ചു

പേരാവൂര്‍: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. സംഘടന നേതാക്കളായ പി പുരുഷോത്തമന്‍, എസ് ബഷീര്‍, തങ്കശ്യാം, മനോജ് താഴെപുര, സമീര്‍, ഷീജ ജയരാജ്, സീന ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു.

ഇന്ന് മുഹറം പത്ത്

ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ വളരെയേറെ പ്രാധാന്യം മുഹറത്തിന് നല്‍കി വരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളില്‍ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്. ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം അവിസ്മരണീയമായ ചരിത്ര സ്മരണ സംഗമത്താല്‍ മഹത്വമാക്കപ്പെട്ടതാണ്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്ന മാസമായാണ് മുഹറം കണക്കാക്കുന്നത്. ആദ്യ പ്രവാചകനായ ആദം നബിയുടെ കാലം മുതല്‍ മുഹമ്മദ് നബിയുടെ കാലം വരെയുള്ള എല്ലാ പ്രവാചകരുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍ നടന്നത് മുഹറം മാസത്തിലാണ്. ഓരോ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിലെ തെറ്റുകളെയും പോരായ്മകളെയും വിലയിരുത്തി സല്‍പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന പുതുവര്‍ഷമാണ് മുഹ്‌റം മുതല്‍ ആരംഭിക്കുന്നത്.