നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇന്ധനസെസിനെ ന്യായീകരിച്ചും സഭയില്‍ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് കാരണം പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റര്‍ നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളില്‍ പരിശോധന നടത്തി. അപ്രതീക്ഷിത ചെക്കിങ്ങില്‍ ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പലരില്‍ നിന്നായി പിടച്ചെടുത്തത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു. അന്യസംസ്ഥാന സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും കൂലിപണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.
ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി, ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂര്‍, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍, മെമ്മറികാര്‍ഡ്, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയത്.
പാലക്കാട് അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂര്‍ പൊലീസ് പിടികൂടി.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു.
സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് ഊര്‍ജിതമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍, റേയ്ഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയര്‍ മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കിള്‍ തല ഫയര്‍ മാനേജ്മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ കാട്ടുതീ പ്രതിരോധിക്കാനായി സ്റ്റേറ്റ് ഫയര്‍ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാല്‍ വിവിധ തലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്റ്റേറ്റ് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.
കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തി ഇതിനോടകം കണ്‍ട്രോള്‍ ബര്‍ണിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫയര്‍ ഗ്യാങ്ങുകള്‍, ഫയര്‍ വാച്ചര്‍മാര്‍, വി.എസ്.എസ് / ഇ.ഡി.സി അംഗങ്ങള്‍, ഫയര്‍ വാച്ചര്‍മാര്‍ എന്നിവയില്‍ 3000-ത്തില്‍ പരം പേരെ കാട്ടുതീ നിരീക്ഷണ/ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120 കി.മീ ദൂരത്തില്‍ ഫയര്‍ ലൈനുകളും 2080 കി.മീ നീളത്തില്‍ ഫയര്‍ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടര്‍ വന പ്രദേശത്ത് കണ്‍ട്രോള്‍ ബര്‍ണിങ് നടത്തുകയും ചെയ്തു.
കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ വനം വകുപ്പ് ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 5647 പേരെയാണ് ഇത്തരത്തില്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സര്‍ക്കിള്‍, ഡിവിഷന്‍, റെയ്ഞ്ച്, സ്റ്റേഷന്‍ തലത്തില്‍ ഫയര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാട്ടുതീ ഉണ്ടായാലുള്ള ഫീല്‍ഡ് ഇന്‍സിഡന്റ് റെസ്പോന്‍സ് സിസ്റ്റം എന്നിവ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ആസ്ഥാനത്ത് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു.
കൂടാതെ സര്‍ക്കിള്‍തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരുടെ കീഴില്‍ വരുന്ന അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരെ സര്‍ക്കില്‍തല നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഫോറസ്റ്റ് വിജിലന്‍സ് വിംഗിന്റെ മേല്‍നോട്ടത്തില്‍ വനം വകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് കാട്ടുതീ കണ്ടാല്‍ അറിയിക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍(1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ കോളുകള്‍ സ്വീകരിക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ലാന്‍ഡ് ലൈന്‍ നമ്പറും (04712529247) ക്രമീകരിച്ചു. ഫീല്‍ഡ് തല കണ്‍ട്രോള്‍ റൂമുകളിലും ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തില്ലങ്കേരി: ആലാച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. റമ്പര്‍ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫേഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുന്നു.
വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ 9 അംഗ സംഘത്തിലെ ഒരാള്‍ തിരയില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട് ട്രിച്ചി സ്വദേശി സെന്തില്‍ കുമാര്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടയില്‍ ഒരാളെ തിരയില്‍പ്പെട്ടു കാണാതാവുകയായിരുന്നു. ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോര്‍ത്ത് ക്ലിഫില്‍ കരയ്ക്ക് അടിയുകയായിരുന്നു. വര്‍ക്കല ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലമുകളില്‍ നിന്നും വടം ഉപയോഗിച്ച് ആണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. 50ല്‍ അധികം മീറ്റര്‍ താഴ്ചയില്‍ നിന്നാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ 9 അംഗസംഘം വര്‍ക്കല എത്തുന്നത്. ഓഡിറ്റര്‍ ആയി ട്രിച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയാണ്. രാമമൃതം ആണ് ഭാര്യ. രണ്ട് ആണ്‍മക്കള്‍ ആണ് ഇദ്ദേഹത്തിന്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടി കൊണ്ടു പോയി സ്വര്‍ണവും പണവും കവര്‍ന്നു. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറാണ് തട്ടിക്കൊണ്ടു പോകലിനും കവര്‍ച്ചക്കും ഇരയായത്. മുഹൈദീനെ തട്ടിക്കൊണ്ടു പോയത് പ്രവാസിയുടെ കാമുകിയും സംഘവും ചേര്‍ന്നാണ്. യുവതി ഉള്‍പ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുന്‍പാണ് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ടു ദിവസം കെട്ടിയിട്ടത്. കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നാണ് മുഹൈദിനെ കവര്‍ച്ച ചെയ്തത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ജില്ലയിലെ -ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡു കളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 27 ന് ഉച്ചക്ക് ശേഷവും 28 നും അവധി ആയിരിക്കും. 26 ന് വൈകിട്ട് 5 മണി മുതൽ 28 ന് വൈകിട്ട് 6മണി വരെയും വോട്ടെണ്ണൽ ദിവസമായമാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂര്‍ ക്രിസ്റ്റല്‍ മാളിന് മുന്നില്‍ വച്ച് നടന്നു. കെ എം ബഷീറിന്റെ അധ്യക്ഷതയില്‍ ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു. മധു നന്ത്യത്ത്, ബേബി പാറക്കല്‍, നാസര്‍ വലിയേടത്ത്, ജിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. കൂപ്പണ്‍ നറുക്കെടുപ്പില്‍ 37504 എന്ന നമ്പറില്‍ സോണിയാസിന് സ്വര്‍ണനാണയം ലഭിച്ചു.ബമ്പര്‍ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.