Hivision Channel

വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഡിം അടിക്കണേയെന്ന് പോലീസ്; ഉപദേശം നിര്‍ത്തി നടപടിയെടുക്കണമെന്ന് ജനങ്ങൾ

ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ കൂടുന്നതായി കേരള പോലീസ്. രാത്രി യാത്രകളില്‍ എതിരേ വാഹനങ്ങള്‍ വന്നാല്‍ ദയവായി ലൈറ്റ് ഡിം ചെയ്തു നല്‍കണമെന്നാണ് അഭ്യര്‍ഥന. പക്ഷേ, ഉപദേശമല്ല വേണ്ടതെന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും ജനങ്ങള്‍. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ നിര്‍ദേശത്തിനുള്ള കമന്റിലാണ് സാധാരണക്കാരുടെ പ്രതികരണം.പുതിയ വാഹനങ്ങളിലെ എല്‍.ഇ.ഡി. പ്രകാശം അസഹ്യമാണെന്നാണ് ഒട്ടേറെപ്പേര്‍ പറയുന്നത്. മൂന്നും നാലും ഹെഡ് ലൈറ്റ് ഘടിപ്പിച്ച വണ്ടികളും അനുവദനീയമല്ലാത്ത രീതിയില്‍ ലൈറ്റുകള്‍ പിടിപ്പിച്ച വണ്ടികളും ഇവിടെ യഥേഷ്ടം. ഇങ്ങനെ വണ്ടിയോടിക്കുന്നവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും വാഹനയാത്രികര്‍ ചൂണ്ടിക്കാണിക്കുന്നു.

വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ തീവ്രത പരിശോധിച്ച് നടപടി എടുക്കുന്നതിനു പ്രത്യേക ഉപകരണങ്ങള്‍ വാങ്ങി കേരളമൊട്ടാകെ പരിശോധനകള്‍ നടത്തുമെന്ന് പറഞ്ഞിട്ടും ഇപ്പോഴും ഉപദേശം മാത്രമാണല്ലോ ബാക്കി എന്നു പരിഹസിക്കുന്നവരെയും കാണാം. ഇപ്പോള്‍ ഇറങ്ങുന്ന കാറുകളിലെല്ലാം എതിരേവരുന്ന ഡ്രൈവറുടെ കണ്ണടിച്ചു പോകുന്ന തരത്തിലുള്ള ഹാലജന്‍ ബള്‍ബുകളാണ്. അതിന് ഒരു പിഴയും ഇല്ല.

എന്നാല്‍ ഇത് പഴയ വാഹനങ്ങളില്‍ പിടിപ്പിച്ചാല്‍ രൂപമാറ്റമായി, തുടര്‍ന്ന് ഫൈനായി. എന്തൊരു നിയമം എന്നു വിലപിക്കുന്നവരെയും ഫെയ്‌സ്ബുക്ക് പേജിലെ കമന്റില്‍ കാണാം. വാഹനത്തിന്റെ പുറകില്‍നിന്ന് ഹൈ ബീം ഇട്ട് മുന്നിലെ വാഹനത്തിലെ സെന്റര്‍ മിററില്‍ തട്ടിച്ച് ഡ്രൈവറുടെ യാത്ര ദുഷ്‌കരമാക്കുന്നവരുമുണ്ട്. രാത്രികാല അപകടങ്ങള്‍ക്ക് ഇതും കാരണമാണ്.

എതിരേവരുന്ന വണ്ടിയില്‍നിന്നു വരുന്ന ഹൈബീം ലൈറ്റിനേക്കാള്‍ അപകടകരമാണ് പുറകില്‍നിന്ന് മിനിറ്റുകള്‍ നീളുന്ന ഈ അറ്റാക്ക്. ഇത് നിയന്ത്രിക്കാനുള്ള നടപടികൂടി ഉണ്ടാകണമെന്നും പൊതുജനം നിര്‍ദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *