
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. മലപ്പുറം ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ജില്ലാ കളക്ടറുടെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പെരിന്തല്‍മണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക.
സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ്.
ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നല്‍കിയിരുന്നു. അബദ്ധത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നല്‍കിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്.














