താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തല്‍ക്കാലം നിര്‍ത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നല്‍കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആലോചന.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക. ലോക കാലാവസ്ഥ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് പൊതുവെ താപസൂചിക കണക്കാക്കുന്നത്.
തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ രേഖപ്പെടുത്തുന്ന ചൂടിനേക്കാള്‍ കൂടുതലായിരിക്കും അനുഭവപ്പെടുന്ന ചൂട്. അന്താരാഷ്ട്ര മാനദണ്ഡത്തില്‍ ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച സംസ്ഥാനത്തിന്റെ താപ സൂചിക ഭൂപടം പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് പുനര്‍വിചിന്തനം.
താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് തെറ്റിധാരണയ്ക്കിടയാക്കി. ഇതു മൂലം ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമുണ്ടായി. കേരളത്തിന്റെ സ്വഭാവഗതിക്ക് അനുസരിച്ച് വേണം താപസൂചിക വിലയിരുത്തണ്ടേത് എന്ന് ദുരന്തനിവാരണ അതോറിറ്റി പുനര്‍വിചിന്തനം നടത്തുന്നു. കാലാവസ്ഥ രംഗത്തെ വിദഗ്ദ്ധരുമായും ഉപദേശക സമിതിയുമായും ദുരന്ത നിവാരണ അതോറിറ്റി കൂടിയാലോചനകള്‍ നടത്തും. ഉചിതമായ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കും. താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നല്‍കിയതിന് ശേഷമായിരിക്കും ജനങ്ങള്‍ക്ക് മുന്നില്‍ ഇനി താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുകയെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.