Hivision Channel

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ വലിയ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എന്‍ഐഎ സംഘം ഇതില്‍ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീന്‍ബാഗ് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.

Leave a Comment

Your email address will not be published. Required fields are marked *