Hivision Channel

അരിക്കൊമ്പന്‍ വിഷയത്തില്‍ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

അരിക്കൊമ്പന്‍ വിഷയത്തില്‍ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറില്‍ വിദഗ്ദ്ധ സമിതിക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പന്‍ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അരിക്കൊമ്പന്‍ ആനയെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ പറമ്പിക്കുളം അല്ലാതെ മറ്റൊരിടം നിര്‍ദേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ അരിക്കൊമ്പനെ നിരീക്ഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറില്‍ വിദഗ്ദ്ധ സമിതിക്ക് കൈമാറണം. വിദഗ്ദ സമിതി അംഗീകരിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാം.

കോടതിയുടെ ഉത്തരവുണ്ടാകുന്നത് വരെ സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. പാലക്കാട് , ഇടുക്കി, വയനാട് , ആറളം എന്നീ സ്ഥലങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിലും ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം സംബന്ധിച്ച പഠനത്തിനായാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്. ഡി.എഫ്.ഒ, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ ദൗത്യ സംഘത്തിലുണ്ടാകും. ദൗത്യ സംഘം പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഇതിനിടെ മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ കൃത്യമായ ഇടപെടല്‍ യഥാസമയം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് വനം വകുപ്പിന് രൂക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്നുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *