Hivision Channel

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനില്‍ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി എത്താറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീവെപ്പിന് തൊട്ടുമുന്‍പ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎല്‍ സുരക്ഷ ജീവനക്കാരനും മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ്. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു.

അതേസമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിരുന്നു.

എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്നലെ പുലര്‍ച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുക ഉയര്‍ന്ന ഉടനെ ബോഗി വേര്‍പെടുത്തിയിരുന്നു. സംഭവത്തിന് മുന്‍പ് അജ്ഞാതന്‍ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *