Hivision Channel

വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് മഹല്ലുകള്‍ ജാഗ്രതയോടെ ഇടപെടണം;വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വഖഫ് സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് ജാഗ്രതയോടും സൗഹാര്‍ദ്ദപരമായും ഇടപെടാന്‍ മഹല്ലുകള്‍ക്ക് സാധിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് കുടിശ്ശിക അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡിനു കീഴിലുള്ള നിരവധി സ്വത്തുക്കളും രേഖകളും മറഞ്ഞുപോവുന്നുണ്ട്. ഇവയെ വെളിച്ചത്തുകൊണ്ടുവരാനുള്ള സജീവ ഇടപെടലുകള്‍ മഹല്ലുകളില്‍ തുടങ്ങണം. ഇന്റേണല്‍ ഓഡിറ്റര്‍മാരെ വച്ച് കണക്കുകള്‍ കൃത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കണ്ണൂര്‍ – കാസര്‍കോഡ് ജില്ലകളിലെ 85 പരാതികളാണ് അദാലത്തില്‍ എത്തിയത്. ഇതില്‍ 69 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ കക്ഷികള്‍ ഹാജരായില്ല. ഇവയില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.
സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം അഡ്വ.പി വി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് അംഗം പി ഉബൈദുള്ള എംഎല്‍എ , അംഗങ്ങളായ അഡ്വ.എം ഷറഫുദ്ദീന്‍, എം സി മായിന്‍ ഹാജി, പ്രൊഫ.കെ എം അബ്ദുള്‍ റഹീം, റസിയ ഇബ്രാഹിം, വി എം രഹന, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വി എസ് സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി സി ഷംഷീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. വഖഫ് ഭാരവാഹികള്‍, കണ്ണൂര്‍ – കാസര്‍കോട് ജില്ലകളിലെ മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *