Hivision Channel

നേട്ടങ്ങളില്‍ നിന്ന് ജനശ്രദ്ധ അകറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; മുഖ്യമന്ത്രി

കേരളം നേടിയ നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധയകറ്റാന്‍ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്ന നിലയില്‍ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹ്യനീതിയലധിഷ്ഠിതമായ സാര്‍വ്വത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് മുഖ്യമന്ത്രി പറഞ്ഞു.
നിപയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തും.ഇതിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാവും പഠനം. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നല്‍കിക്കഴിഞ്ഞു.കേരളീയ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവം കൊണ്ടാണ് നിപയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനായത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.ഇടത് പക്ഷ സര്‍ക്കാരിന്റെ ആരോഗ്യ നയങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളീയ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ആരോഗ്യസൂചികയില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും ജീവിത ശൈലി രോഗങ്ങള്‍ കേരളത്തിന് വെല്ലുവിളിയാണെന്നും അവ നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *