കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഇത് അനുവദിക്കുന്നില്ല. ഇത് നേടിയെടുക്കാൻ എംപിമാർ കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സജീവ് ജോസഫിൻ്റെ
ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്.
‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് വിമാനസര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യവുമല്ല. അതിനാലാണ് യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്തത്. കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും സാധിക്കും.
എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ്-ഇ/വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. വ്യോമയാനരംഗത്ത് ആവശ്യമായ എം.ആര്‍.ഒ, എയ്റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.
KIAL ന് ഈ സാമ്പത്തിക വര്‍ഷം 1.5 മില്യണ്‍ യാത്രക്കാരും 180 കോടി ടേണോവറുമെന്ന അപൂര്‍വ്വനേട്ടം കൈവരിച്ച് ബ്രേക്ക് ഈവന്‍ പോയിന്‍റ് കടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ‘പോയിന്‍റ് ഓഫ് കോള്‍’ പദവി കൂടി ലഭ്യമാക്കുകയാണെങ്കില്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം നടത്താനാവും.
എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി നല്‍കണമെന്ന് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യം മുഖ്യമന്ത്രി ബഹു. പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ബഹു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. 2023 സെപ്തംബര്‍ 7ന് പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റ് എയര്‍പോര്‍ട്ടുകളുമായി KIAL ന്‍റെ പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി UDAN സ്കീമില്‍ ഉള്‍പ്പെടുത്തി പുതിയ എയര്‍ റൂട്ടുകള്‍ അനുവദിക്കണമെന്നും, ഒരു നിശ്ചിത സമയത്തേക്ക് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താവുന്ന രീതിയില്‍ ഓപ്പണ്‍ സ്കൈ പോളിസി നടപ്പാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രിക്ക് 2024 സെപ്തംബര്‍ 28-ന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് മറുപടി നൽകി