Hivision Channel

എഡിഎം നവീന്‍ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. എ ഡി എമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി.

എഡിഎം കെ. നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തിക്കും. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. നാട്ടിലേക്ക് ട്രാന്‍സ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് അടുത്ത ദിവസം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പിപി ദിവ്യക്കെതിരെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്.

Leave a Comment

Your email address will not be published. Required fields are marked *