പ്രതിഷേധ സാധ്യത കണക്കിലെടുത്തു ഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ വിട്ടുനിൽക്കുന്നത്. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ഉണ്ടായി. കളക്ടർ ഇന്ന് പരിപാടിയിൽ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് കളക്ടർ പിൻമാറിയത്. അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രംഗത്തെത്തി. തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിൻ്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ്. എഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താൻ സംശയിക്കുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.